തിരുവല്ല: കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിൽ നിന്നും കല്ലുങ്കൽ റൂട്ടിലേക്ക് നടത്തിയിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നും ഈ സർവീസ് ഇരമല്ലിക്കര വരെ നീട്ടണമെന്നും ആവശ്യപ്പെട്ട് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം വിശാഖ് വെൺപാല എ.ടി.ഒയ്ക്ക് നിവേദനം നൽകി. റോഡ് നിർമ്മാണം നടക്കുന്നതിനാലും കൊവിഡിന്റെ പശ്ചാത്തലത്തിലുമാണ് സർവീസ് റദ്ദാക്കിയത്. ഇപ്പോൾ റോഡു നിർമ്മാണം പൂർത്തിയാകുകയും കൊവിഡിന്റെ തീവ്രത കുറഞ്ഞിട്ടും ബസ് സർവീസ് പുനരാരംഭിക്കാത്തതു മൂലം സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള സാധാരണക്കാർ യാത്രാക്ലേശം നേരിടുന്നതായും നിവേദനത്തിൽ പറയുന്നു. നെടുമ്പ്രം പഞ്ചായത്തംഗം ജിജോ ചെറിയാൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ് നെടുമ്പ്രം മണ്ഡലം വൈസ് പ്രസിഡന്റ് ജോൺസൻ, മോൻസി എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.