കോഴഞ്ചേരി: പൊയ്യാനിൽ ജംഗ്ഷന് സമീപം പഴയതെരുവ് കവലയിലെ സിഗ്‌നൽ പോസ്റ്റ് ഏതു നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിൽ. ചുവടിളകി ചാഞ്ഞു നിൽക്കുകയാണ് സിഗ്‌നൽ പോസ്റ്റ്. നാരങ്ങാനത്തു നിന്നും വരുന്ന റോഡും കോഴഞ്ചേരി ടൗണിലേക്ക് പോകുന്ന ബൈറോഡും തിരുവല്ല പത്തനംതിട്ട മെയിൻ റോഡിൽ വന്നു കയറുന്ന കോഴഞ്ചേരിയിലെ പ്രധാനപ്പെട്ട കവലകളിൽ ഒന്നാണ് പഴയതെരുവ് കവല. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഇവിടം നാലുംകൂടിയ കവലയാണ്. ജംഗ്ഷനോട് ചേർന്ന് സ്‌കൂളുകളും ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. വൺവേ ആയതിനാൽ പത്തനംതിട്ടക്ക് പോകുന്ന വാഹനങ്ങൾക്ക് ഇതുവഴി മാത്രമേ പോകാൻ സാധിക്കു. പകൽ നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. സിഗ്‌നൽ പോസ്റ്റിലെ ലൈറ്റ് തെളിയുന്നുണ്ടെങ്കിലും യാത്രക്കാർക്ക് കാണാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. സ്‌കൂൾ കുട്ടികളും ആശുപത്രിൽ നിന്നും വരുന്ന വാഹനങ്ങളും കടന്നുപോകുന്ന ഇവിടെ സിഗ്‌നൽ ഇല്ലാത്തതിനാൽ വലിയ അപകടങ്ങൾക്ക് സാദ്ധ്യത ഏറെയാണ്.


.........
സിഗ്‌നൽ പോസ്റ്റ് ചുവടിളകി നില്ക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെയൊരുക്കും. നിരവധി വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. കുട്ടികളടക്കമുള്ളവർ കാൽനടയായി ആണ് ഈ റൂട്ടു പോകുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കാണണം.
അമർനാഥ്
(പ്രദേശവാസി)