
പത്തനംതിട്ട : കല്ലുങ്ക് പണിയെ തുടർന്ന് ഗതാഗത നിയന്ത്രണം താറുമാറായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുകയാണ് കെൽട്രോൺ. പത്തനംതിട്ട, കോഴഞ്ചേരി ഭാഗത്തേക്കുള്ള സിഗ്‌നൽ ലൈറ്റ് പി.ഡബ്യൂ.ഡി നേരത്തെ ഇളക്കി മാറ്റിയിരുന്നു. അറിയിപ്പ് നൽകാതെ സിഗ്നൽ ലൈറ്റ് എടുത്ത് മാറ്റിയതിനാൽ പിഴ അടയ്ക്കണമെന്ന് കെൽട്രോൺ ആവശ്യപ്പെട്ടു. പിഴ അടച്ച് ഒരുമാസം കഴിഞ്ഞിട്ടും പണി ആരംഭിക്കാത്തത് പരാതികൾക്കും ഇടയാക്കി.
സിഗ്‌നൽ ലൈറ്റിനടുത്തുള്ള കലുങ്ക് പുനർനിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ ജംഗ്ഷനിലെ ട്രാഫിക് സിഗ്‌നൽ സംവിധാനം നിറുത്തുകയായിരുന്നു. നീക്കം ചെയ്ത സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിച്ചാൽ മാത്രമെ മറ്റുമൂന്ന് ദിശകളിലേക്കുള്ള സിഗ്‌നൽ ലൈറ്റുകളും പ്രവർത്തിപ്പിക്കാൻ കഴിയൂ. കെ.എസ്.ഇ.ബിയുടെ പോസ്റ്റും പി.ഡബ്യൂ.ഡിയുടെ ദിശാ ബോർഡുകളും ഇപ്പോൾ സ്ഥാപിക്കുന്ന സിഗ്നൽ ലൈറ്റിന് സമീപമുള്ളതിനാൽ ഇവ നീക്കം ചെയ്തതിന് ശേഷം സിഗ്നൽ സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ നിരന്തരമായ പരാതികളെത്തുടർന്ന് നിർമ്മാണം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാട്ടർ അതോറിട്ടിയുടെ പൈപ്പിടലിനെ തുടർന്ന് സിഗ്നൽ ലൈറ്റിന്റെ കേബിളുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിക്കണം. രണ്ട് ദിവസത്തിനുള്ളിൽ സിഗ്നൽ ലൈറ്റ് പ്രവർത്തനമാരംഭിക്കും.
സിഗ്നൽ ഇല്ലാത്തതിനാൽ നിരവധി അപകടങ്ങൾ ഇവിടെയുണ്ടായി.
"കെ.എസ്.ഇ.ബിയുടെ പോസ്റ്റും ദിശാ ബോർഡുകളും സിഗ്നൽ ലൈറ്റിന്റെ സമീപത്ത് നിന്ന് നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു. അതിനാലാണ് പണി ആരംഭിക്കാൻ താമസം നേരിട്ടത്. രണ്ട് ദിവസത്തിനുള്ളിൽ സിഗ്നൽ ലൈറ്റ് പ്രവർത്തിച്ച് തുടങ്ങും.
ഗിരീഷ് എസ്. നെല്ലിശ്ശേരിൽ
(കെൽട്രോൺ അധികൃതർ )