കോന്നി: കല്ലേലി വയക്കരയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം ഇതുവരെ പൂർത്തിയായില്ല. നടുവത്തുമൂഴി റേഞ്ചിലെ വയക്കരയിൽ ഒരു വർഷം മുൻപാണ് ജെലാറ്റിൻ സ്റ്റിക്കുകൾ, ഡിറ്റണേറ്റർ എന്നിവ പട്രോളിംഗ് നടത്തിയ വനപാലകർ കണ്ടെത്തിയത്. വനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയായലായിരുന്നു 2021 ജൂൺ 15ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു. എങ്കിലും ഇതിന്റെ ഉറവിടം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ ക്രഷർ യൂണിറ്റുകളും പാറമടകളും ഉള്ള പ്രദേശമാണ് കോന്നി. ഇവിടേക്ക് വരുന്ന സ്‌ഫോടക വസ്തുക്കൾക്ക് കൃത്യമായ അളവുകളും കണക്കുകളുമുണ്ട്. വർഷങ്ങൾക്ക് മുൻപ് കൊക്കാത്തോട്ടിൽ തീവ്രവാദ സംഘടന രഹസ്യമായി ആയുധ പരിശീലനം നടത്തിയിരുന്നു. ഇത്തരം സംഘടനകൾക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചെങ്കിലും തെളിവ് ലഭിച്ചില്ല. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചെങ്കിലും തെളിയിക്കപ്പെടാൻ കഴിയാത്ത കേസുകളുടെ പട്ടികയിലാണ് ഇതും ഉൾപ്പെടുത്തിയിരിക്കുന്നത്.