road
ചെളിവെള്ളം നിറഞ്ഞ മേപ്രാൽ - സ്വാമിപാലം റോഡ്

തിരുവല്ല: കോടികൾ മുടക്കി നിർമ്മിക്കുന്ന മേപ്രാൽ - സ്വാമിപാലം റോഡിൽ യാത്രാ ദുരിതമേറി. ജല അതോറിറ്റി അധികൃതർ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുക്കാൻ തുടങ്ങിയപ്പോഴാണ് റോഡ് ചെളിക്കുഴിയായി മാറിയതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഡിസംബറിലാണ് റോഡിന്റെ പണികൾ തുടങ്ങിയത്.വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡ് ഒന്നരയടി ഉയരത്തിലാണ് നിർമ്മിക്കുന്നത്. ഇതിനായി നിലവിലെ റോഡ് കുത്തിയിളക്കി മണ്ണിട്ടുയർത്തി ഉറപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് വേനൽക്കാലത്ത് പകുതിയോളം പണികൾ പൂർത്തിയാക്കി. എന്നാൽ രണ്ടുമാസം മുമ്പാണ് ജല അതോറിറ്റി കുടിവെള്ളം പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്. 20 സെന്റിമീറ്റർ വ്യാസമുള്ള പൈപ്പ് റോഡിന്റെ വശങ്ങളിൽ സ്ഥാപിക്കണം. ഉറപ്പിച്ച റോഡെല്ലാം കുത്തിക്കുഴിച്ച് ജലഅതോറിറ്റി പണി തുടങ്ങി. മഴ ശക്തമായതോടെ റോഡിലാകെ ചെളിവെള്ളം നിറഞ്ഞു. സ്വാമിപാലം മുതൽ താമരാൽ ഭാഗംവരെ ആകെ കുളമായ സ്ഥിതിയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ റോഡിലൂടെ പോകാനാകാതെ ദിവസവും ബുദ്ധിമുട്ടുന്നു. ജോലികൾ സമയബന്ധിതമായി നടക്കാത്തതിനാൽ ഇതുവരെയും പണികൾ പൂർത്തിയായിട്ടില്ല. ബാക്കിയുള്ള പൈപ്പ് സ്ഥാപിക്കൽ എപ്പോൾ പൂർത്തിയാക്കുമെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല. ഇതുകാരണം പൊതുമരാമത്ത് അധികൃതർ പണികൾ

നിറുത്തിവച്ചിരിക്കുകയാണ്.

വകുപ്പുകളുടെ ഏകോപനമില്ലായ്മ, പ്രതിഷേധവുമായി നാട്ടുകാർ


വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പരാതി. പടിഞ്ഞാറൻ ഗ്രാമീണമേഖലയുടെ വളർച്ചയ്ക്കും കർഷകർക്കും ഗുണകരമാകുന്ന റോഡിന്റെ നവീകരണം ജനങ്ങളിൽ ഏറെ പ്രതീക്ഷയുയർത്തിയിട്ടുണ്ട്. അതുകാരണം റോഡ് നിർമ്മാണത്തിന്റെ ദുരിതമെല്ലാം സഹിച്ചുകഴിയുകയാണ് പ്രദേശവാസികൾ. എന്നാൽ അധികൃതരുടെ അനാസ്ഥകാരണം ദുരിതമേറിയതോടെ ഇപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്.

...............................

മേപ്രാൽ മുതൽ അംബേദ്ക്കർ കോളനി വരെയുള്ള ഭാഗത്ത് പൈപ്പിട്ട് കുടിവെള്ളം എത്തിച്ചു. ബാക്കിയുള്ള ഭാഗത്ത് പൈപ്പിടാനുള്ള കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാലാണ് പണികൾ വൈകുന്നത്. ജലനിരപ്പ് അൽപ്പം താഴ്ന്നാലുടൻ പൈപ്പുകൾ സ്ഥാപിക്കാനാകും. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചത്തെ ജോലികൾ കൊണ്ട് പൈപ്പിടൽ പൂർത്തിയാക്കാനാകും.
അസി.എൻജിനീയർ
ജലഅതോറിറ്റി പ്രൊജക്ട്സ്, അടൂർ.