1

അടൂർ : ലോകാരാദ്ധ്യരായ ഗാന്ധിയും ഡോ.ബി.ആർ.അംബേദ്കറും അടൂരിന്റെ മണ്ണിൽ അപമാനിക്കപെടുകയാണോ?. ഒരുകാലത്ത് ആദരവിന്റെ പ്രതീകമായാണ് ഇവരുടെ പ്രതിമകൾ അടൂരിൽ സ്ഥാപിക്കപ്പെട്ടത്. ഗാന്ധിയുടെ പ്രതിമ അടൂർ നഗരസഭയും അംബേദ്കറിന്റെ പ്രതിമ അടൂരിലെ അംബേദ്കർ അനുയായികളുമാണ് സ്ഥാപിച്ചത്. ഗാന്ധി പാർക്കിന് മുന്നിലാണ് ഗാന്ധി പ്രതിമ. പ്രതിമയ്ക്കു ചുറ്റും വൃത്തിയാക്കാറില്ല. കരിയില വീണ് അഴുകിയ നിലയിലും. പ്രതിമയ്ക്ക് മൂന്നുവശവും വാഹന പാർക്കിംഗാണ്. പാർക്കിലെ മരങ്ങളിൽ തങ്ങുന്ന കിളികളുടെ കാഷ്ടം വീണ് പ്രതിമയാകെ വൃത്തിഹീനമായിരിക്കുന്നു. ഗാന്ധി പ്രതിമയ്ക്ക് സമീപമായി പടിഞ്ഞാറോട്ട് റോഡിനഭിമുഖമായി വൺവെ ആരംഭിക്കുന്ന ട്രാഫിക് ഐലന്റിലാണ് ഡോ.അംബേദ്കറു‌ടെ പ്രതിമയുള്ളത്. രാഷ്ട്രീയ പാർട്ടികൾ കൊടി കുത്തുന്നതും ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതും പ്രതിമയുടെ വശങ്ങളിലാണ്. പ്രതിമ സ്ഥാപിച്ച പീഠത്തിലേക്ക് ഒരിക്കൽ ബാനർ വലിച്ച് കെട്ടിയത് വിവാദമായിരുന്നു. പ്രതിമയോട് ആദരവ് കാട്ടാതെ മറ സൃഷ്ടിച്ചുകൊണ്ടുള്ള ഫ്ലക്സും കൊടിത്തോരണങ്ങളും ഇവിടെ പതിവാണ്. ചുറ്റും പുല്ല് വളർന്ന് കാടു കയറുമ്പോൾ നഗരസഭയുടെ ക്ലീനിംഗ് വിഭാഗം തൊഴിലാളികൾ പുല്ല് ചെത്തികളയാറുണ്ടെന്നതാണ് ആശ്വാസം. ആശയപരമായി വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നെങ്കിലും ഗാന്ധിയും അംബേദ്കറും ഇന്ത്യൻ ദേശീയതയുടെ പ്രതീകങ്ങളാണ്. ഇരുവരുടെയും പ്രതിമ അടൂരിൽ അടുത്തടുത്ത് വന്നത് തികച്ചും യാദൃശ്ചികമാകാം. നഗരസഭയുടെ നേതൃത്വത്തിൽ പ്രതിമകൾ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.