തിരുവല്ല: പുതുക്കിപ്പണിയുന്ന ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ ശ്രീകോവിലിന് ഉത്തരംവച്ചു. ചെമ്പുപാളിയിലാണ് മേൽക്കൂര. നാലമ്പലത്തിന്റെയും ശ്രീകോവിലിന്റെയും ഭിത്തികൾ പൂർണമായും കൃഷ്ണശിലയിലാണ് പണിയുന്നത്. ശിലയിലുളള പണികൾ അവസാന ഘട്ടത്തിലെത്തി. ശിൽപ്പി പത്തിയൂർ വിനോദ് ബാബു ഉത്തരം വയ്പ്പിന് കാർമ്മികത്വം വഹിച്ചു. മേൽശാന്തി എ.ഡി. നമ്പൂതിരി, ദേവസ്വം പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി, മാനേജർ പി.കെ. റാംകുമാർ, സെക്രട്ടറി ജി.വേണുഗോപാൽ, ഭരണസമിതി അംഗങ്ങളായ എസ്.വേണുഗോപാൽ, സി.ഉണ്ണികൃഷ്ണപിളള, പി.കെ.ഗോപാലകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി. രണ്ടുകോടിയോളം രൂപ ചെലവിട്ടാണ് ക്ഷേത്രം നിർമ്മിക്കുന്നത്.