കോന്നി: കിഴക്കുപുറം എസ്. എൻ.ഡി.പി യോഗം കോളേജിൽ വിദ്യാർത്ഥികൾക്കായി തുടങ്ങുന്ന പി.എസ്.സി പരിശീലന പദ്ധതിക്ക് തുടക്കമായി. കോളേജിലെ എല്ലാ ഡിപ്പാർട്ടുമെന്റുകളും ചേർന്ന് നടപ്പാക്കുന്ന പരിശീലന പരിപാടി സൗജന്യമാണ്. പി.എസ്.സി സിലബസ്, കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകൾക്ക് വിഭജിച്ചുകൊടുത്തു കൊണ്ടാണ് ആദ്യ ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്ക് പി.എസ്. സി പരീക്ഷകളിൽ മികച്ച വിജയം നേടുന്ന രീതിയിലുള്ള പരിശീലമാണ് നടത്തുന്നത്. ഇതിനോടനുബന്ധിച്ച് കോളേജിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി പി.എസ്.സി രജിസ്ട്രേഷനും ചെയ്തുകൊടുക്കുന്നു. പി.എസ്.സി പരീക്ഷകളിൽ റാങ്ക് കരസ്ഥമാക്കിയവരെ ഉൾപ്പെടുത്തിയാണ് ക്‌ളാസുകൾ നടക്കുക. വിവിധ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് എങ്ങനെ ഉത്തരങ്ങൾ എഴുതാൻ കഴിയുമെന്ന കണ്ടെത്തലുകൾ ഉൾപ്പെടുത്തി ഡിഗ്രി,പി.ജി വിദ്യാർത്ഥികൾക്ക് കോളേജിലെ പഠനം പൂർത്തിയാവുമ്പോഴേക്ക് സർക്കാർ ജോലി കരസ്ഥമാക്കത്തക്കവണ്ണമാണ് പരിശീലനം. അടുത്ത മുന്ന് വർഷങ്ങളിൽ കോളേജിൽ നിന്നിറങ്ങുന്ന നൂറിൽപ്പരം വിദ്യാർത്ഥികൾക്ക് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഇടം ലഭിക്കുക എന്ന ലക്ഷ്യമാണ് ക്‌ളാസുകൾക്കുള്ളത്. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എം.വി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്മെന്റ് പ്രതിനിധി ഡി.അനിൽകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, ചിഞ്ചു എം .ധരൻ, സൗമ്യ എസ്.എസ്, അമൃത മുരളി, ലേഖ രമണൻ, സനില സി, അഞ്ജിത പ്രകാശ്, ജിനു എസ് എന്നിവർ പ്രസംഗിച്ചു.