
പത്തനംതിട്ട : പമ്പാ ത്രിവേണിയിലെ ഹിൽടോപ്പിന്റെ സംരക്ഷണ പ്രവർത്തികളും ഞുണങ്ങാർ പാലത്തിന്റെ നിർമ്മാണവും അവസാനഘട്ടത്തിലാണെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. പമ്പാ ത്രിവേണിയിലെ പ്രളയത്തിൽ തകർന്ന ജലസേചന നിർമ്മിതികളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ നദികൾക്ക് കുറുകെയുള്ള വിവിധ തടയണകളുടെ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായി. വിവിധ സ്ഥലങ്ങളിൽ എം.എൽ.എ എ.ഡി.എഫ് പദ്ധതിയിലും എസ്.ഡി.ആർ.എഫിലും ഉൾപ്പെടുത്തി അൻപതോളം കടവുകളുടെ പുനരുദ്ധാരണം നടത്തി. ഇതിനു പുറമേ 30 കടവുകളുടെ പുനരുദ്ധാരണ പ്രവർത്തികൾ നടന്നുവരുകയാണ്.
വരട്ടാർ, ആദിപമ്പ നദികളുടെ മൺപുറ്റുകൾ നീക്കംചെയ്ത് നദിയുടെ സ്വാഭാവിക നീരൊഴുക്ക് നിലനിറുത്തുന്നതിനുള്ള പ്രവർത്തികൾ നടത്തിവരുന്നു. വരട്ടാറിന് കുറുകെ ആനയാർ, പുതുക്കുളങ്ങര, തൃക്കയിൽ, വഞ്ചിപ്പോട്ടിൽ എന്നീ നാല് പാലങ്ങൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിൽ പുതുക്കുളങ്ങര പാലം നിർമ്മാണം പൂർത്തിയായി. ആനയാർ, തൃക്കയിൽ പാലങ്ങളുടെ നിർമ്മാണം നടന്നുവരുകയാണ്. വഞ്ചിപ്പോട്ടിൽ പാലത്തിന്റെ ഡിസൈൻ ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും.