വള്ളിക്കോട് : വള്ളിക്കോടൻ വെറ്റിലയുമായി നാലുംകൂട്ടി മുറുക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. പക്ഷേ ഇവിടുത്തെ വെറ്റിലകൃഷിയുടെ കാലം കഴിയുകയാണ്. കൃഷി സ്ഥലങ്ങളിലെ വെള്ളക്കെട്ടും കത്തിയെരുന്ന വെയിലും ഈറ്റക്ഷാമവും ഈ കൃഷിക്കുമേലും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. താംബൂലത്തിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റില ഒരു കാലത്ത് വള്ളിക്കോട്ട് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വെറ്റില വ്യാപാര കേന്ദ്രമായിരുന്ന പറക്കോട് മാർക്കറ്റത്തിൽ എത്തിയിരുന്ന വെറ്റിലയിൽ ഭൂരിഭാഗവും വള്ളിക്കോട്ടേതായിരുന്നു. ബാംബു കോർപ്പറേഷന്റെ പൂങ്കാവ് ഡിപ്പോയിൽ നിന്നാണ് കർഷകർ ഇൗറ്റ വാങ്ങിയിരുന്നത്. പക്ഷേ ഇവിടെ മിക്കപ്പോഴും ഇൗറ്റ കിട്ടാറില്ല. പറക്കോട്ടാണ് മറ്റൊരു ഡിപ്പോ. ഇവിടേക്കുള്ള യാത്രാ ചെലവും തിരക്കും കാരണം ഇൗറ്റയ്ക്ക് പോകാൻ കർഷകർ മടിക്കുന്നു. വെറ്റിലകൃഷിക്ക് അവശ്യം വേണ്ടതാണ് ഈറ്റ. കൊടി പടർന്നുതുടങ്ങുന്ന സമയം മുതൽ കൊടിക്ക് പന്തൽ ഇടുന്നതുവരെ ഈറ്റ ഉപയോഗിച്ചാണ്. പ്രതിസന്ധികൾക്കിടയിലും ഇൗ രംഗത്ത് ചില കർഷകർ തുടരുന്നുണ്ട്.

കരുതൽ വേണം

ചെലവേറിയതും തുടക്കം മുതൽതന്നെ കരുതൽ ആവശ്യമായതുമായ കൃഷിയാണ് വെറ്റില. തടമെടുക്കൽ, തണ്ടുനടൽ, വളമിടലും നനയ്ക്കലും , വളച്ചുകെട്ടൽ, മുളകുത്തൽ, വിളവെടുപ്പ്, വിപണനം, വെറ്റില ചായ്ക്കൽ, ഇടകീറൽ എന്നിവയാണ് വെറ്റില കൃഷയുടെ വിവിധ ഘട്ടങ്ങൾ .

നിശ്ചിത അകലത്തിൽ നടുന്ന തണ്ടുകളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതിരിക്കാനും വേനൽക്കാലത്ത് ഈർപ്പം ലഭിക്കുന്നതിനുമുള്ള സൗകര്യം വേണം. പടർന്നുകയറുന്ന സസ്യമായതിനാൽ പന്തൽ ആവശ്യമാണ്. കമുകുകൾ ഉപയോഗിച്ച് തൂണ് നാട്ടിയ ശേഷം ഈറ്റ ഉപയോഗിച്ചാണ് പന്തൽ ഇടുന്നത്. ചാണകവും പച്ചിലകളുമാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. ചെടിയിൽ തളിരുകൾ വരാൻ ചാണകം ഉണക്കിപ്പൊടിച്ച് നൽകണം. രണ്ടും നേരവും നനയ്ക്കേണ്ട കൃഷിയാണിത്. ചെടി വളരുന്നതിന് അനുസരിച്ച് ഒഴിക്കുന്ന വെള്ളത്തിന്റെ അളവിലും കണക്കുകളുണ്ട്. വേനൽക്കാലത്ത് മൂന്ന് നേരം നനയ്ക്കണം. വെറ്റിലത്തണ്ടുകളുടെ എണ്ണം കൂട്ടാൻ വളച്ചുകെട്ടൽ നടത്തണം. ഇവയെല്ലാം ശ്രദ്ധയോടെ നടത്തിയാലേ മാത്രമെ നല്ല വിളവ് ലഭിക്കു. ഒന്നര, രണ്ട് മാസം കഴിയുമ്പോൾ വെറ്റില നുള്ളിയെടുക്കാൻ പാകമാകും.