ചെങ്ങന്നൂർ: സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ബി.ആർ.സി യുടെ കീഴിലെ മുണ്ടൻകാവ് ഗവ. ജെ.ബി സ്‌കൂളിന് പ്രീ-പ്രൈമറി നവീകരണത്തിനായി അനുവദിച്ച 10 ലക്ഷം രൂപയുടെ അക്കാദമിക ഭൗതിക പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പഠനോപകരണങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നതിനുള്ള ശില്പശാല ആരംഭിച്ചു. ചെങ്ങന്നൂർ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി. കൃഷ്ണകുമാർ പദ്ധതിവിശദീകരണം നടത്തി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ, വാർഡ് കൗൺസിലർ രോഹിത്ത് കുമാർ, ബി.ആർ.സി ട്രെയിനർ പ്രവീൺ വി.നായർ, ക്ലസ്റ്റർ കോർഡിനേറ്റർമാരായ വി.ഹരിഗോവിന്ദ്, ശ്രീജ.എസ് , പി.ടി.എ പ്രസിഡന്റ് അനസ് പൂവാലംപറമ്പിൽ , പ്രഥമാദ്ധ്യാപിക ബെറ്റ്‌സി എ.എസ് , പ്രീ പ്രൈമറി അദ്ധ്യാപിക ലത സജികുമാർ എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ളതും ഒപ്പം കേരളത്തിന്റെ സവിശേഷാവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുമുള്ള പ്രീസ്‌കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുവാൻ സമഗ്രശിക്ഷാ കേരളം കഴിഞ്ഞ 3 വർഷങ്ങളായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇതിന്റെ തുടർച്ചയായി വർണ്ണക്കൂടാരം എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് മാർഗരേഖയെ അടിസ്ഥാനപ്പെടുത്തി പന്ത്രണ്ടോളം ആക്ടിവിറ്റി ഏരിയകളാണ് മുണ്ടൻകാവ് സ്‌കൂളിൽ സജ്ജീകരിക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങൾക്കുള്ള ആവിഷ്‌കാരയിടം, കരകൗശലയിടം, ശാസ്ത്രാനുഭവങ്ങൾക്കായുള്ള ഇടം, വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഭാഷാവികസനയിടം, വർണ്ണയിടം, താളമേളയിടം, ഗണിതയിടം, പ്രകൃതി പഠനത്തിനായി ഹരിതോദ്യാനം എന്നിവ പ്രീ സ്‌കൂളിന്റെ ഭാഗമാകും. ഐ.സി.റ്റി സങ്കേതകങ്ങൾ ക്ലാസ് മുറികളെ കൂടുതൽ ശാസ്ത്രീയമാക്കും.