അടൂർ: കെ.എസ്.ആർ.ടി.സി.ജംഗ്‌ഷനിൽ രണ്ട് ബസും രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൊടുമൺ ഇലം പ്ലാങ്കുഴിയിൽ പുത്തൻ വീട്ടിൽ രാജേഷ് (45)നാണ് പരിക്കേറ്റത്. കാലിലൂടെ ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയ ഇയാളെ അടൂർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30 നായിരുന്നു അപകടം. പത്തനംതിട്ട- ഏഴംകുളം അടൂർ വഴി ചവറയ്ക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ എത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം തൊട്ട് മുന്നിലുള്ള കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ തൊട്ട് മുന്നിലുള്ള കാറിൽ ഇടിച്ചു. അടൂരിൽ നിന്നും ഏഴംകുളത്തേക്ക് പോകുകയായിരുന്നു ബൈക്ക്. അപകടത്തിൽ കാർ ബസിനടിയിൽ പെട്ടു. ബസിന്റെ മുൻവശത്തെ ഗ്ലാസും കാറുകളുടെ ഗ്ലാസുകളും തകർന്നു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസിനടിയിൽപ്പെട്ട കാർ ഓടിക്കൂടിയവരും പൊലീസും ചേർന്ന് പ്രയാസപ്പെട്ടാണ് റോഡരുകിലേക്ക് മാറ്റിയത്.