bengal-tiger

കോന്നി : തണ്ണിത്തോട് പഞ്ചായത്തിലെ ജനവാസമേഖലയിൽ കടുവയുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മലയോര മേഖല പരിഭ്രാന്തിയിലായി. നാലുവശവും കോന്നി, റാന്നി വനം ഡിവിഷനുകളോട് ചേർന്ന് കിടക്കുന്ന ജനവാസമേഖലകളാണ് പഞ്ചായത്തിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചെയാണ് തൂമ്പക്കുളത്ത് കടുവ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ ആക്രമിച്ചത്. തൂമ്പക്കുളം മേൽത്തട്ട് കളത്തിൽ സുനിലിന്റെ പശുവിന് നേരെയാണ് ആക്രമണമുണ്ടായത്. വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ തൊഴുത്തിന് സമീപം കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി​. സമീപത്തെ പറമ്പുകളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടു. കഴുത്തിൽ നീരുവന്ന് അവശനിലയിലായ പശു വ്യാഴാഴ്ച ചത്തു. തുടർന്ന് പ്രദേശത്ത് വനംവകുപ്പ് കാമറകൾ സ്ഥാപിച്ച്. പട്രോളിംഗും നടത്തി വരികയാണ്.

2020 മേയ് 7ന് പ്ലാന്റേഷൻ കോർപറേഷന്റെ മേടപ്പറയിലെ റബർ തോട്ടത്തിൽ, ടാപ്പിംഗ് തൊഴിലാളി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യുവിനെ കടുവ കൊന്നു. അന്ന് വൈകിട്ട് മൃതദേഹം കിടന്ന സ്ഥലത്തേക്ക് നാട്ടുകാർ നോക്കി നിൽക്കെ വീണ്ടും കടുവ വന്നു. അടുത്ത ദിവസം മേടപ്പാറയിലെയും കൂത്താടിമണ്ണിലെയും വീടുകളുടെ സമീപത്തും കടുവയെ കണ്ടെത്തി​. സംഭവത്തെ തുടർന്ന് വനംമന്ത്രിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

പ്ലാന്റേഷൻ കോർപറേഷന്റെ റബർ തോട്ടങ്ങളിൽ അടിക്കാടുകൾ തെളിക്കാതെ കിടക്കുന്നത് കടുവയുടെയും പുലിയുടെയും സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നു. തണ്ണിത്തോട് പഞ്ചായത്തിൽ പലതവണ പുലി വളർത്തുമൃഗങ്ങളെ അക്രമിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് അഞ്ചുകുഴി കുടപ്പനക്കുളം റോഡിൽ വനത്തിലെ ചെളിക്കുഴി തോടിനു സമീപം ദിവസങ്ങളോളം കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. മ്ലാവിനെ ആക്രമിച്ചു കൊന്നശേഷം മാംസം തിന്നുതീർക്കുന്നത് വരെ ഇവിടെ ദിവസങ്ങളോളം കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ കണ്ടെത്തി​.

കാട്ടുമൃഗങ്ങളുടെ ആക്രമണത്തി​ൽ

ജീവൻ നഷ്ടമായവർ

2018 ഏപ്രിൽ 7

അപ്പൂപ്പൻതോട് വനത്തിൽ പൊന്നാംപൂവ് ശേഖരിക്കാൻ പോയ അപ്പുപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവിയെ കടുവ കൊന്നു. ഒരു കൈയും കാലും ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം കടുവ ഭക്ഷിച്ചനിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

2020 മേയ് 7

പ്ലാന്റേഷൻ കോർപറേഷന്റെ മേടപ്പറയിലെ റബർ തോട്ടത്തിൽ ടാപ്പിംഗ് തൊഴിലാളി ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ബിനീഷ് മാത്യുവിനെ കടുവ കൊന്നു.

2021 ജൂൺ 13

കൊക്കാത്തോട് നെല്ലിക്കപ്പാറ വടക്കേച്ചെരുവിൽ ഷാജിയെ ചെളികല്ലാറിനു സമീപം കാട്ടാന കൊലപ്പെടുത്തി.

2022 ജനുവരി 27

തണ്ണിത്തോട് മേടപ്പറയിൽ കൂടിളകി വന്ന കാട്ടുതേനീച്ചകളുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി ചെന്നപാറ അഭിലാഷ് മരിച്ചു.