
റാന്നി : പമ്പയാറ്റിലെ കുത്തൊഴുക്കിൽ ചാടിമറിഞ്ഞു വിദ്യാർത്ഥികൾ. കടുമീൻചിറ കട്ടിക്കല്ലിൽ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ യൂണിഫോമിൽ പുഴയിൽ ചാടിമറിഞ്ഞത്. കനത്ത മഴയിൽ പുഴയിലും അരുവികളിലും നീരൊഴുക്ക് വർദ്ധിച്ചിരിക്കുന്നതിനാൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റേയും ദുരന്ത നിവാരണ സേനയുടെയും മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ഒരുകൂട്ടം ആൺകുട്ടികളും പെൺകുട്ടികളും പുഴയിൽ ചാടിയത്. പെരുന്തേനരുവിക്ക് താഴെ കട്ടിക്കൽ ഭാഗത്തു പുഴ രൗദ്ര ഭാവത്തിൽ ഒഴുകുന്ന മേഖലയാണിത്. പുഴയുടെ എതിർവശത്തുനിന്ന ആളുകൾ അപകടം മനസിലാക്കി പെരുനാട് പൊലീസിൽ വിവരം അറിയിച്ചു. മേഖലയിൽ ശക്തമായ മഴ അനുഭവപ്പെടുന്നതിനാൽ കഴിഞ്ഞ ഒരു ദിവസംരണ്ടടിയോളം പുഴയിൽ ജലനിരപ്പുയർന്നിരുന്നു. പുഴയോരത്ത് താമസിക്കുന്ന ആളുകൾ പോലും ഒഴുക്ക് കൂടിയതിനാലും കലക്ക വെള്ളമായതിനാലും പുഴയിൽ ഇറങ്ങാത്ത സമയത്താണ് വിദ്യാർത്ഥികൾ ഇവിടെ എത്തിയത്. സമീപ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാർത്ഥികൾക്ക് അധികൃതർ കർശന നിർദ്ദേശം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.