പന്തളം: റോഡിലേക്ക് വളർന്നുനിൽക്കുന്ന കാട്. സമീപം താഴ്ചയുള്ള പുഞ്ച. കണ്ണുതെറ്രിയാൽ അപകടം ഉറപ്പ്. എം.എം. ജംഗ്ഷൻ - നൂറനാട് റോഡിലാണ് ഇൗ സ്ഥിതി. തൊട്ടാവാടിയും കാളപ്പുല്ലും അനച്ചകവും വളർന്നുപടർന്ന് റോഡിലേക്ക് കിടക്കുകയാണ്. പൂഴിക്കാട് ചിറച്ചിമുടി ഭാഗത്ത് ഇവ കാടുപോലെ വളർന്നുനിൽക്കുന്നതിനാൽ റോഡിന്റെ അതിർത്തി അറിയുന്നതിനുള്ള കല്ലുകൾ കാണാൻ കഴിയില്ല. റോഡിന്റെ പടിഞ്ഞാറ് ഭാഗം ഇരുപത് അടിയോളം താഴ്ചയുള്ള പുഞ്ചയാണ്. കിഴക്ക് വശത്ത് അതിലും താഴ്ച്ചയുള്ള വലിയ ജലാശയവും . കണ്ണുതെറ്റിയാൽ റോഡ് കാണാതെ വാഹനങ്ങൾ നിയന്ത്രണംവിട്ട് പുഞ്ചയിലേക്ക് പതിക്കും. മഴ ശക്തമാകുമ്പോൾ പുഞ്ചയിലെ ജലനിരപ്പ് ഉയരും. ആ സമയങ്ങളിൽ വാഹനങ്ങൾ വെള്ളത്തിലേക്ക് വീണാൽ വൻ ദുരന്തത്തിനും സാദ്ധ്യതയുണ്ട്. കാട് വളർന്നതോടെ കോഴിക്കടകളിലെ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലുമാക്കി ഇവിടങ്ങളിൽ കൊണ്ടിടുന്നു.കക്കൂസ് മാലിന്യങ്ങളും തള്ളുന്നു. ദുർഗന്ധം കാരണം ആളുകൾക്ക് വഴിനടക്കാനാകാത്ത സ്ഥിതിയാണ്. മതുക്കൽ ജംഗ്ഷൻ ഭാഗങ്ങളിൽ 11 കെ.വി വൈദ്യുതിലൈൻ വലിക്കുന്നതിന് ഇരുമ്പ് തൂണുകൾ റോഡിലേക്ക് ഇറക്കി സ്ഥാപിച്ചതിനാൽ റോഡിന് വീതി കുറവുള്ള ഇവിടെ ഇരുചക്രവാഹനയാത്രക്കാർ ഉൾപ്പെടെ പോസ്റ്റിൽ തട്ടി അപകടങ്ങളും പതിവാണ് .
റോഡിന്റെ പത്തനംതിട്ട ജില്ലയുടെ അതിർത്തിയായ തോണ്ടുകണ്ടം പാലം വരെയുള്ള ഭാഗം പലയിടത്തും തകർന്നു കിടക്കുകയാണ്. പുനർനിർമ്മാണത്തിന് ടെഡർ ക്ഷണിച്ചെങ്കിലും ആരും എടുക്കാൻ തയ്യാറായില്ല. പല ഭാഗത്തും ഓടകൾക്ക് മൂടിയും ഇല്ല.
ഓടകളിലെ മണ്ണും ചെളിയും മറ്റും വാരിമാറ്റുന്നത് റോഡരികിൽത്തന്നെ ഉപേക്ഷിക്കുന്നതിനാൽ മഴ പെയ്യുമ്പോൾ വീണ്ടും ഓടയിലേക്ക് ഒലിച്ചിറങ്ങും
മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ റോഡിലെ കാട് നീക്കം ചെയ്യുമായിരുന്നു. ഇപ്പോഴത് നിലച്ചു.പരിഹാരം കാണണമെന്ന് കേരളകൗമുദി ഏജന്റ് ജോൺ തുണ്ടിൽ ആവശ്യപ്പെട്ടു.