ചെങ്ങന്നൂർ: അപകടങ്ങൾ തുടർക്കഥയായതോടെ എം.സി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് റൗണ്ട് എബൗട്ട് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. നഗരസഭ അതിർത്തിക്കു സമീപമുള്ള ആഞ്ഞിലിമൂട് ജംഗ്ഷനിൽ, കൊല്ലകടവ് കോടുകുളഞ്ഞി റോഡ് എം സി റോഡിൽ പ്രവേശിക്കുന്ന കേന്ദ്രത്തിലാണ് റൗണ്ട് എബൗട്ട് പൂർത്തീകരിച്ചത്.സുരക്ഷാ ഇടനാഴിയുടെ ഭാഗമായാണ് റൗണ്ട് എബൗട്ട് നിർമ്മിച്ചത്. എന്നാൽ രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചമില്ലാതിരുന്നത് അപകടങ്ങൾ പെരുകുന്നതിന് കാരണമായി. ഇതെ തുടർന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകിരിച്ചിരുന്നു.
98 കോടി രൂപ ചിലവിൽ ചെങ്ങന്നൂർ അടൂർ അപകടരഹിത സുരക്ഷാ ഇടനാഴിയുടെ ജോലികൾ ആരംഭിച്ചപ്പോഴാണ് സജി ചെറിയാൻ എം.എൽ.എ ഇരു റോഡുകളുടെയും സംഗമ സ്ഥാനത്ത് കൂടുതൽ സുരക്ഷയ്ക്കായി ആഞ്ഞിലിമൂട്ടിൽ ട്രാഫിക്ക് പരിഷ്‌ക്കാരം പ്രത്യേക പദ്ധതിയായി നിർദ്ദേശിച്ചത്. ഇതിനായി നിലവിൽ ജംഗ്ഷന് നടുവിലുള്ള കാത്തിരിപ്പു കേന്ദ്രം ഒഴിവാക്കി 11 മീറ്റർ വ്യാസത്തിൽ സിഗ്‌നൽ പോസ്റ്റുകൾ ഉൾപ്പെടുന്ന ഗതാഗത നിയന്ത്രണ കേന്ദ്രം നിർമ്മിച്ചു.
തുടർന്ന് വഴിവിളക്കുകളുടെ കുറവ് മൂലം രാത്രി കാലങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
ഉദ്ഘാടനം ഇന്ന്
പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകിട്ട് 4നാലിന് സജി ചെറിയാൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. ആഞ്ഞിലിമൂട് ജംഗ്ഷനിലെ ട്രാഫിക്ക് പരിഷ്‌കാരം വീണ്ടും വിലയിരുത്തിയ ശേഷം ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്തുമെന്നും ഇതിനായി കെ.എസ്.ടി.പി ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും എം.എൽ.എ അറിയിച്ചു.