തിരുവല്ല: ആറ് മാസത്തിനുള്ളിൽ നിരവധി ഗാനങ്ങൾ മലയാള കാവ്യ-സംഗീത ശാഖയ്ക്ക് സംഭാവന ചെയ്ത് ശ്രദ്ധേയമായ സുദർശനം മെലഡീസിന്റെ അമ്പത് പാട്ടാഘോഷവും പൂർണ്ണത്രയീ കാവ്യ സംഗീത സന്ധ്യയും ഇന്ന് വൈകിട്ട് നാലിന് തൃപ്പൂണിത്തുറ സ്റ്റാച്യുവിലെ കൂത്തമ്പലത്തിൽ നടക്കും. സംസ്കൃത പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും. നേത്രചികിത്സകനും കവിയും ഗാനരചയിതാവുമായ ഡോ.ബി.ജി.ഗോകുലനും സംഗീത സംവിധായകനും ബാല്യകാല സുഹൃത്തുമായ തൃപ്പൂണിത്തുറ പി.ഡി. സൈഗാളും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നാണ് ഇത്രയധികം ഗാനങ്ങൾ പിറവിയെടുത്തത്. സംഗീതജ്ഞൻ പി.ഡി. സൈഗാളിന് "നാരദ വീണാ പുരസ്കാരം" (25000 രൂപയും ഫലകവും) ചടങ്ങിൽ സമ്മാനിക്കും.
ഈ കൂട്ടുകെട്ടിൽ പങ്കാളികളായ ഗായകരെയും അണിയറപ്രവർത്തകരേയും ആദരിക്കും. കവിയും ഗാനരചയിതാവും സംഘാടകനുമായ കെ.എ.ഉണ്ണിത്താൻ അദ്ധ്യക്ഷനാകും. കവിയും ഗാനരചയിതാവും അവതാരകനുമായ കെ.കെ ശ്രീധരൻ നമ്പൂതിരി,രമേഷ് വർമ്മ, ആർ.പ്രേംകുമാർ, രാജീവ് കേശവമേനോൻ, എം.ആർ.എസ്.മേനോൻ, എം.എസ്.വിനോദ്,ഡോ.ബി.ജി. ഗോകുലൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് സുദർശനം മെലഡീസ് ഗായകരുടെ ഗാനസന്ധ്യ ഉണ്ടാകും. Youtube.com/ganagokulam എന്ന ചാനലിൽ ഗാനങ്ങൾ കേൾക്കാം.