ankanavadi
കുലശേഖരപതി മദീന ജംഗ്ഷന് സമീപത്തെ അങ്കണവാടിയിലേക്കുള്ള ചെളി നിറഞ്ഞ വഴി

പത്തനംതിട്ട: മൂന്ന് മാസം മുൻപ് പുതിയ കെട്ടിടത്തിൽ ആരംഭിച്ച നഗരസഭ 21ാം വാർഡിലെ അങ്കണവാടിയിലേക്ക് വാഹനം എത്താൻ വഴിയും പ്രാഥമികാവശ്യങ്ങൾക്കു പോലും വെള്ളവുമില്ല. കുലശേഖരപതി മദീന ജംഗ്ഷനിലെ അങ്കണവാടിയിലേക്ക് അബാൻ - കുമ്പഴ റോഡിൽ നിന്ന് ഇരുന്നൂറ് മീറ്ററോളം ദൂരമുണ്ട്. ഇതിൽ നൂറ് മീറ്റർ കോൺക്രീറ്റ് ഭാഗത്ത് വാഹനങ്ങൾ എത്താനുളള വീതിയുണ്ട്. ബാക്കി ഭാഗം വീതി കൂട്ടാതെയും കോൺക്രീറ്റ് ചെയ്യാതെയും കിടക്കുകയാണ്. ചതുപ്പ് നിലം നികത്തിയാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. കെട്ടിടത്തിലേക്ക് എത്തുന്ന വഴിയും കവാടവും മഴ പെയ്താൽ ചെളിക്കുണ്ടാകുാം. ഇതിലൂടെ കുട്ടികളെ എടുത്തുകൊണ്ടാണ് രക്ഷിതാക്കൾ എത്തുന്നത്. പതിനേഴ് കുട്ടികളാണ് അങ്കണവാടിയിലുള്ളത്. ഇവിടേക്ക് പോഷകാഹരം, അരി, മറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവ എത്തിക്കുന്ന വാഹനം മദീന ജംഗ്ഷൻ വരെ മാത്രമേ എത്തുകയുള്ളൂ. അരിയും ഭക്ഷ്യധാന്യങ്ങളും വാഹനത്തിലെ ഡ്രൈവർ ചുമന്നാണ് അങ്കണവാടിയിലെത്തിക്കുന്നത്. റോഡിന് കുറുകെയുള്ള തോടിന് സംരക്ഷണ ഭിത്തിയില്ലാത്തത് അപകടഭീഷണി ഉയർത്തുന്നു.

അങ്കണവാടി പുതിയ കെട്ടിടത്തിൽ ആരംഭിച്ചപ്പോൾ വെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷൻ എടുത്തില്ല. സമീപത്തെ വീട്ടമുറ്റത്തെ പൈപ്പിൽ നിന്നാണ് വെള്ളം എടുക്കുന്നത്. വീട്ടിൽ നിന്ന് അങ്കണവാടിയിലേക്ക് സ്ഥിരമായി പൈപ്പ് കണക്ഷൻ എടുത്തുകൊള്ളാൻ വീട്ടുടമസ്ഥൻ സമ്മതപത്രം നൽകിയിട്ടുണ്ട്. പൈപ്പ് സ്ഥാപിക്കാൻ നഗരസഭയുടെ അനുമതി ലഭിച്ചിട്ടില്ല. ചതുപ്പ് നിലം ആയതിനാൽ അങ്കണവാടി പരിസരത്ത് കിണർ കുഴിക്കാനാകില്ല.

'' അങ്കണവാടിക്ക് നല്ല കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. പക്ഷെ, വാഹനം എത്താനുള്ള വഴിയും വെള്ളവും ഇല്ലാത്തത് വലിയ പോരായ്മയാണ്. നഗരസഭ അടിയന്തരമായി നടപടിയെടുക്കണം.

രക്ഷിതാക്കൾ

'' റോഡിന് വീതി കൂട്ടാൻ ഏഴ് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് നന്നാക്കാൻ മൊത്തം 14ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ആമിന ഹൈദരാലി, നഗരസഭ വൈസ് ചെയർപേഴ്സൺ