പ്രമാടം: റബറിന്റെ തറവില 250രൂപയായി പ്രഖ്യാപിക്കണമെന്ന് മല്ലശേരി റബർ ഉത്പാദക സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. തറവില 250രൂപയാക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് മൂന്ന് മുന്നണികളും പ്രഖ്യാപിച്ചിരുന്നു. 2014 മുതൽ റബർ കൃഷി ചെയ്തിട്ടുള്ള കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യണം. ഏറെ വർഷങ്ങളായി കർഷകരിൽ നിന്ന് റബർ ബോർഡ് അപേക്ഷ സ്വീകരിക്കുന്നില്ലെന്ന് സംഘം ചൂണ്ടിക്കാട്ടി. റബർബോർഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മിഷണർ ഷൈനി കെ. പൊന്നൻ ക്ളാസെടുത്തു. സംഘം പ്രസിഡന്റ് പി.എസ് കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം. ശ്രീധരനെ അനുമോദിച്ചു. കോന്നി മാമ്പാറ റബേഴ്സ് എം.ഡി എ. ആർ.ദിവാകരൻ, എൻ.രാജൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.