അടൂർ : അനധികൃത വാഹന പാർക്കിംഗിൽ ശ്വാസം മുട്ടി അടൂർ നഗരം. ഗതാഗത സംവിധാനം താറുമാറാക്കുന്ന രീതിയിലാണ് ടൗണിലെ വാഹന പാർക്കിംഗ്. കൃത്യമായ സ്ഥല സൗകര്യങ്ങളില്ലാത്തതു കാരണം ഇടറോഡുകളിലും തിരക്കാണ്. റോഡരുകിലെ വാഹന പാർക്കിംഗ് എല്ലാം തോന്നിയതുപോലെയാണ്. നടപ്പാതകൾ കൈയറിയുള്ള പാർക്കിംഗ് കാരണം കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റവന്യു ടവറിന് മുൻ വശത്തുള്ള വെയിറ്റിംഗ് ഷെഡിന് സമീപമാണ് ബസ് സ്റ്റോപ്പ്. ഇവിടെ റോഡിന്റെ ഇരുഭാഗത്തുമുള്ള പാർക്കിംഗ് ആർ.ഡി ഓഫീസും കഴിഞ്ഞ് വൺവെ പോയിന്റ് വരെ നീളും. ഗവ.ആശുപത്രിയുടെ പടിഞ്ഞാറ് വശമുള്ള ഇടറോഡ്, ഈ റോഡ് വന്ന് ചേരുന്ന പാർത്ഥസാരഥി ക്ഷേത്രം റോഡ്, ഗീതം ഒഡിറ്റോറിയത്തിന് സമീപമുള്ള റോഡ്, ഇവിടെയെല്ലാം റോഡിന്റെ ഇരു ഭാഗങ്ങളിലും പാർക്കിംഗാണ്.ഇരുചക്രവാഹനവും , ഓട്ടോയും, കാറും ഇതിന്റെ അരികുപറ്റി ബുദ്ധിമുട്ടിയാണ് പോകുന്നത്. കാൽനടയാത്രക്കാരും ഇതുവഴിപോകുന്നുണ്ട്. ഫയർ സ്റ്റേഷൻ മുതൽ കെ.പി. റോഡിൽ പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസിന് സമീപം വരെയും ഗാന്ധി പാർക്കിന് സമീപത്തു നിന്ന് എം.സി റോഡിൽ നയനം തീയറ്റർ വരെയും റോഡിനിരുവശവുമാണ് പാർക്കിംഗ്. ടാക്സി സ്റ്റാൻഡ് , ഓട്ടോ സ്റ്റാൻഡ് എന്നിവയും ഇതിനിടയിൽ റോഡ് സൈഡിൽ തന്നെയെന്നതും ഗതാഗത കുരുക്ക് രുക്ഷമാക്കുന്നു. റവന്യു ടവർ ഭാഗത്തുനിന്നും ഗീതം ഓഡിറ്റോറിയം ഭാഗത്തേക്കുള്ള ഇടറോഡ്, ട്രാഫിക് സംവിധാനവും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. പറക്കോട്ട് നിന്ന് അടൂരേക്ക് വന്ന് തട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഗാന്ധി പാർക്ക് ചുറ്റി വന്ന് വേണം തട്ടറോഡിലേക്ക് തിരിയാൻ. എന്നാൽ പലപ്പോഴും ഇത് പാലിക്കാറില്ല. വരുന്നവഴി തട്ടക്കുള്ള റോഡിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ്. കെ.എസ്.ആർ ടി സി സ്റ്റാൻഡിന് മുൻ വശത്ത് സ്വകാര്യ ബസ് നിറുത്തി ആളെ കയറ്റുന്നതും പതിവാണ്. മേൽപാലവും പാർക്കിംഗ് സൗകര്യവും അടിയന്തരമായി അടൂരിന് വേണമെന്ന ആവശ്യം ശക്തമാണ്.