വള്ളിക്കോട് :കാട്ടുപന്നി ശല്യം മൂലം വലയുകയാണ് വള്ളിക്കോട്ടെ കർഷകർ.പന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ അനുവാദം നൽകിയെങ്കിലും പഞ്ചായത്തിൽ കാര്യമായ നടപടിയില്ല.
ഒരു പന്നിയെ മാത്രമാണ് മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ കൊലപ്പെടുത്തിയത്.
പന്നിക്ക് പുറമെ കുറുക്കനും തെരുവുനായ്ക്കളും പള്ളിപ്പാക്കാനും കൃഷിത്തറകൾ നശിപ്പിക്കുന്നു. ഒറ്റതിരിഞ്ഞും കൂട്ടത്തോടെയും എത്തുന്ന പന്നിക്കൂട്ടം കപ്പ, ചേന, ചേമ്പ്, വാഴ , കാച്ചിൽ , കിഴങ്ങ്, തെങ്ങിൻ തൈകൾ,
റബർതൈകൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നുണ്ട്.
പകലും പന്നികൾ ഇറങ്ങാറുണ്ട്. കൃഷിയിടങ്ങളിൽ നിൽക്കുന്ന കർഷകരെ ഇവ ആക്രമിച്ച സംഭവവുമുണ്ട്. പലരും ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുപന്നികൾ മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികളെ കൊല്ലാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങി രണ്ട് വർഷമായിട്ടും ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിൽ പഞ്ചായത്ത് ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്.
തോക്ക് ലൈസൻസ് ഉള്ളവരുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. നിരവധി തവണ അപേക്ഷ ക്ഷണിച്ചെങ്കിലും ഒരാൾ മാത്രമാണ് എത്തിയത്. വെടിവയ്ക്കുമ്പോൾ വനം വകുപ്പ് അധികൃതരുടെ സാന്നിദ്ധ്യം ആവശ്യമായതിനാലാണ് നടപടികൾ വൈകുന്നത്. പഞ്ചായത്ത് ആവശ്യപ്പെടുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമല്ലെന്നും പരാതിയുണ്ട്. നാട്ടിലിറങ്ങി ആക്രമണം നടത്തുന്ന കാട്ടുപന്നികൾക്ക് നേരെയുള്ള സംസ്ഥാനത്തെ ആദ്യ ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കിയത് 2020 മേയ് 14 ന് കോന്നി അരുവാപ്പുലത്തായിരുന്നു.