kodi
ചെങ്ങന്നൂരിൽ നടന്ന റെയിൽവേ അവലോകന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സംസാരിക്കുന്നു

ചെങ്ങന്നൂർ: തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൂടുതൽ ട്രെയിനുകൾക്കായി ചെറിയനാട് സ്റ്റേഷനെ സാറ്റ്‌ലൈറ്റ് സ്റ്റേഷനാക്കണമെന്ന നിർദ്ദേശം റെയിൽവേ ബോർഡ് മുമ്പാകെ സമർപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ മുകുന്ദ് രാമസ്വാമിയടക്കമുള്ള ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂർ തിരുപ്പതി പുതിയ ട്രെയിനിന് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചാലും ട്രെയിൻ കൊല്ലം വരയോ കൊച്ചുവേളി വരയോ നീണ്ടേണ്ടി വരും. ഭാവിയിൽ ഇത്തരത്തിലുള്ള ട്രെയിനുകൾക്ക് അനുമതി ലഭിച്ചാൽ ചെറിയനാട് പരിസരത്തുളള കൂടുതൽ സ്ഥലം പ്രയോജനപ്പെടുത്തി ട്രെയിനുകൾക്ക് തിരിഞ്ഞു പോകാൻ കഴിയും. ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂരിലേയ്ക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകളും അനുവദിക്കാൻ കഴിയും.മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകൾ റെയിൽവേ ഡിവിഷണൽ മാനേജരടക്കമുളള ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സ്റ്റേഷൻ സന്ദർശിച്ച് സ്റ്റേഷനുകളുടെ സ്ഥിതിഗതികൾ വിലയിരുത്തതിന്റെ ഭാഗമായാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും അവലോകനം ചേർന്നത്. ജനപ്രതിനിധികളും യാത്രക്കാരും , പൊതുജനങ്ങളും ഉന്നയിച്ച നിരവധി പരാതികൾക്ക് അടിയന്തര പരിഹാരം കാണുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.സബ് ഡിവിഷണൽ കോമേഴ്സൽ മാനേജർ ജെറിൻ ആസാദ്, ഡിവിഷണൽ എൻജിനീയർമാരായ മിർ അതീഫ്, നരസിംഹ ആചാരി, വി.രാജീവ്, പി.രംഗനാഥ്, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ, അംഗങ്ങളായ ടി. കുമാരി, പി.ഡി.മോഹനൻ, കെ.ഷിബു രാജൻ, റിജോ ജോൺ ജോർജ്, ശോഭാ വർഗീസ്, അശോക് പടിപ്പുരയ്ക്കൽ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ.ഡി. വിജയകുമാർ, അഡ്വ.ഡി.നാഗേഷ്‌കുമാർ , കെ.ദേവദാസ് ,സുബിൻ മാത്യു, സജി ചരവൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.