ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിന് അനുവദിച്ച മെയിന്റനൻസ് ഗ്രാൻഡിൽ നിന്നും 50 ശതമാനം തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാരിന്റെ അനീതിക്കെതിരെ ബി.ജെ.പി പഞ്ചായത്തോഫീസിന്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ റോഡ് അടക്കം മെയിന്റൻസ് ചെയ്യേണ്ട തുക വെട്ടിക്കുറച്ച നടപടി സാധാരണ ജനതയോടുള്ള സംസ്ഥാന സർക്കാരിന്റെ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി ചാർജ്ജ്, ബസ് ചാർജ്ജ്, വെള്ളക്കരം, ഭൂനികുതി തുടങ്ങി എല്ലാ മേഖലയിലും നികുതി വർദ്ധിപ്പിച്ചും, സർക്കാർ പഞ്ചായത്തിലെ അടിസ്ഥാന വികസനങ്ങൾക്ക് ഉപയോഗിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ ഫണ്ടാണ് പാണ്ടനാട് വെട്ടിക്കുറച്ചത്.തനത് ഫണ്ട് കുറവുള്ള പഞ്ചായത്തായ പാണ്ടനാട്ടിൽ ഗ്രാൻഡ് വെട്ടിക്കുറച്ചത് അപകടരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.വി വിജയകുമാർ, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, വിജയമ്മ പി.എസ്, ഭാരവാഹികളായ വിശാൽ.വി.കുമാർ, എൻ.ശ്യം, കെ.കെ ഗോപാലൻ, സുജിത്ത്, ഉണ്ണികൃഷ്ണകർത്ത, സുമിത്ര രമേശ്, രജിത ഉദയൻ, ജയശ്രീ, വിവേക് എന്നിവർ പ്രസംഗിച്ചു.