ചെങ്ങന്നൂർ: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. വെണ്മണി ചാങ്ങമല കാർത്തിക വീട്ടിൽ ബിഭുപ്രസാദ് (24 ), ആലാ ത്രാച്ചേരിൽ രാഹുൽ (22 ) എന്നിവരാണ് അറസ്റ്റിലായത്. ചെങ്ങന്നൂർ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല ഹൈവേ പട്രോളിംഗിനിടെയുള്ള വാഹനപരിശോധനയിൽ ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ കൊല്ലകടവ് റോഡിൽ ചിറക്കുഴി പാലത്തിന് സമീപം വച്ചാണ് യുവാക്കൾ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഗ്രാമിന് 4000 രൂപ വരെ വിലയുള്ള സിന്തറ്റിക് ലഹരി മരുന്നാണ് എം.ഡി.എം.എ. ഇത് ഡി.ജെ പാർട്ടികൾക്കും മറ്റും കൊടുക്കുമ്പോൾ ഗ്രാമിന് 10,000 രൂപ വരെ വില ലഭിക്കുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വാഹനപരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.പി. പ്രമോദ്, പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ, വനിത സി.ഇ.ഒ. വിജയലക്ഷ്മി, സി.ഇ.ഒ.മാരായ ജി. ശ്യാം, ബി. പ്രവീൺ, യു. അനു എന്നിവരും പങ്കെടുത്തു.