കോഴഞ്ചേരി : പണംവച്ച് ചീട്ടുകളി നടക്കുന്നതിനിടെ കുമ്പനാട് നാഷണൽ ക്ലബ്ബിൽ നടന്ന പൊലീസ് റെയ്ഡിൽ 10.23 ലക്ഷം രൂപ പിടിച്ചെടുത്തു. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം പതിനൊന്ന് പേർ അറസ്റ്റിലായി. പാലക്കാട് പറമ്പിക്കുളം സ് റ്റേഷനിലെ പൊലീസുകാരനായ കരുനാഗപ്പള്ളി സ്വദേശി രമേശ് ഉൾപ്പടെയാണ് പിടിയിലായത്.പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് ഇന്നലെ വൈകിട്ട് നാലരയോടെ സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്.
എസ്.പി യുടെ പ്രത്യേക സംഘവും കോയിപ്രം സി.ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. പൊലീസ് പിടിയിലായവർ ക്ലബ്ബിലെ അംഗങ്ങളും സ്ഥിരമായി ഇവിടെ ചീട്ട് കളിക്കുന്നവരുമാണ്. പഴുതുകൾ അടച്ചുകൊണ്ടായിരുന്നു എസ്.പി യുടെ ഓപ്പറേഷൻ. പരിശോധനാസമയം മുഴുവൻ എസ്.പി വീഡിയോ കോളിലൂടെ നടപടികൾ നിരീക്ഷിച്ചിരുന്നു. കോയിപ്രം പൊലീസിനോട് ലക്ഷ്യം എന്തെന്ന് അറിയിക്കാതെയാണ് പ്രത്യേക സംഘം ഒപ്പം കൂട്ടിയത്. റെയ്ഡ് വിവരം ചോരുമോ എന്ന ശങ്കയായിരുന്നു കാരണം.
മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്ന ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്റെ പേരിൽ ഇവിടെ അടുത്തിടെ സ്മാരക ഹാൾ നിർമ്മിച്ചിരുന്നു. അങ്ങിനെയുള്ള ക്ലബ്ബിൽ പണം വച്ചുള്ള ചീട്ട് കളിയും സംഘം ചേർന്നുള്ള മദ്യപാന കൂട്ടായ്മകളും നിരന്തരം നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു.