അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ അർബുദ തുടർചികിത്സാ സൗകര്യം അനുവദിക്കാത്തത് നിരാശാജനകവും വിവേചനപരവുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. മന്ത്രി വീണാ ജോർജിന് നൽകിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ അനുവദിച്ച രണ്ട് കാൻസർ തുടർചികിത്സ ആശുപത്രികളും പരമാവധി രോഗികൾക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയാത്ത വിധം ഭൂമിശാസ്ത്രപരമായ ദൂരപരിധി കണക്കിലെടുക്കാതെ ആറന്മുള മണ്ഡലത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും നൽകി. തദ്ദേശവാസികൾക്കൊപ്പം അടൂർ മണ്ഡലത്തിനോട് അതിർത്തി പങ്കിടുന്ന ആലപ്പുഴ, കൊല്ലം ജില്ലകളിലെ അസംഖ്യം രോഗികൾ ആശ്രയിച്ചുവരുന്ന അടൂർ ജനറൽ ആശുപത്രിയെ ഈ പദ്ധതിയിൽ പരിഗണിച്ചില്ല.ജില്ലയിലെ രണ്ടാമത്തെ ജനൽ ആശുപത്രിയാണ് അടൂരിലേത്. ആ പരിഗണന പാലിക്കാതെ സ്വന്തം മണ്ഡലത്തിലെ രണ്ട് ആശുപത്രികളിൽ മാത്രം ആരോഗ്യമന്ത്രി ഇൗ കേന്ദ്രം ഒരുക്കിയത് തീർത്തും വിവേചന പരവും പ്രതിഷേധാർഹവുമാണ്. പരമാവധി രോഗികൾക്ക് സൗകര്യപ്രദമായി ചികിത്സക്കായി എത്തിച്ചേരുന്നതിന് സഹായകമായി നിലവിൽ ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയെല്ലാം കൃത്യമായി ബോദ്ധ്യപ്പെടാതെ ആറന്മുള മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളെ പുന:പരിശോധിക്കണമെന്നും ചിറ്റയം പറഞ്ഞു.