
അടൂർ: പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് മാതാവിനെ അഗതിമന്ദിരത്തിലാക്കി മുങ്ങിയ മകനെതിരെ മഹാത്മ ജനസേവന കേന്ദ്രം പാെലീസിൽ പരാതി നൽകി. തിരുവനന്തപുരം വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തിൽ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരിയെ (71) ആണ് മകൻ അജികുമാർ നാടകം കളിച്ച് ഉപേക്ഷിച്ചത്.
14ന് രാത്രിയിൽ അമ്മയുമായി വഴിയിൽ നിന്ന അജികുമാർ അതിലെയെത്തിയ പൊലീസ് വാഹനത്തിന് കൈ കാണിക്കുകയും, തന്റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലി ചെയ്യുകയാണെന്നും ബോധ്യപ്പെടുത്തി. രാത്രി അപകടകരമായ സാഹചര്യത്തിൽ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കാനാണ് പൊലീസ് വാഹനത്തിന് കൈകാണിച്ചതെന്നും അറിയിച്ചു. പൊലീസ് ഇടപെട്ട് വൃദ്ധയെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചു.
തുടർന്ന് 16ന് പകൽ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് നിരന്തരം വന്നിരുന്ന ഫോൺ കോളുകളിൽ നിന്ന് പരിചയക്കാരനായ ബിജു എന്ന പേരിൽ സംസാരിച്ചയാൾ അനുമതി നേടി ഇവരെ കാണാനെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ഇയാൾ തന്നെയാണ് മകനെന്ന് തിരിച്ചറിഞ്ഞു. ഇയാൾ അമ്മയെ ഉപേക്ഷിക്കുവാൻ മനപൂർവം ഇങ്ങനെ ചെയ്തതാണെന്ന് സമ്മതിക്കുകയും ചെയ്തു.
ജ്ഞാനസുന്ദരിയും മകൻ അജികുമാറും ഭാര്യ ലീനയും ചേർന്ന് നടത്തിയ കളളക്കളിയായിരുന്നു ഇതെന്നും അമ്മയെ സംരക്ഷിക്കാൻ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് തെരുവിൽ ഉപേക്ഷിച്ച് നാടകത്തിലൂടെ അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാൾ സമ്മതിച്ചു.
അജികുമാറിനെതിരെ മാതാവിനെ തെരുവിൽ ഉപേക്ഷിച്ചതിനും, ആൾമാറാട്ടം നടത്തി അഗതിമന്ദിരത്തിലെത്തിച്ചതിനും മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയതിനും അടൂർ പൊലീസിന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പരാതി നൽകി. അമ്മയെ തെരുവിൽ ഉപേക്ഷിച്ച മകനെതിരെ ഓൾഡ്ഏജ് മെയിന്റനൽ ആക്ട് പ്രകാരം നിയമനടപടികൾക്കും അടൂർ ആർ.ഡി.ഒ മുമ്പാകെ അഭ്യർത്ഥന നടത്തിയതായും മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു.