തിരുവല്ല: പെരിങ്ങര സ്വാമിപാലത്തെ വാട്ടർ ടാങ്കിന് മുകളിൽ സംശയകരമായി കാണപ്പെട്ട നാല് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തലവടി കറുത്തങ്കേരി വീട്ടിൽ മോഹിത് (23), പെരിങ്ങര കാരയ്ക്കൽ കുത്തിയോട്ട് പറമ്പിൽ വീട്ടിൽ രാജിത് (20), ചാത്തങ്കരി മുണ്ടകത്തിൽ രാജേഷ് (22), വെൺപാല തുണ്ടിയിൽ വീട്ടിൽ പ്രണവ് (20) എന്നിവരെയാണ് പിടികൂടിയത്. കാരയ്ക്കൽ സ്വാമിപാലത്തെ ജലവിതരണ വകുപ്പിന്റെ ടാങ്കിന് മുകളിൽ നിന്നും ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഇവരെ പിടികൂടിയത്.പുലർച്ചെ മുറ്റത്തേക്കിറങ്ങിയ സമീപവാസിയാണ് ടാങ്കിന് മുകളിൽ യുവാക്കളെ കണ്ടത്. ഇയാൾ മൊബൈലിലൂടെ അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ ചേർന്ന് നാലംഗ സംഘത്തെ പിടികൂടി തിരുവല്ല പൊലീസിന് കൈമാറിയത്. പിടിയിലായവരുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.