പത്തനംതിട്ട : കുമ്പനാട് നാഷണൽ ക്ളബിൽ ചീട്ടുകളിക്കാനെത്തിയിരുന്നത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അടക്കം ഉന്നതർ. ജില്ലാ പൊലീസ് ചീഫ് പഴുതുകളടച്ച് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 11പേരാണെങ്കിലും ക്ളബിൽ അംഗത്വമെടുത്തവർ വേറെയും ഒരുപാട് പേർ ഉണ്ടെന്നാണ് വിവരം. ക്ളബിൽ അംഗത്വം നൽകുന്നത് ഒരു ലക്ഷം രൂപ ഫീസ് വാങ്ങിയാണ്. സമ്പന്നരുടെ നീണ്ടനിര തന്നെയുണ്ട് ക്ളബ് അംഗങ്ങളായി. അറസ്റ്റിലായ ശ്രീകുമാറാണ് ക്ളബിൽ അംഗങ്ങളെ ചേർക്കുന്നതും മറ്റുകാര്യങ്ങൾ നോക്കുന്നതും. ഇയാളുടെ വിളിപ്പേര് ഹരി എന്നാണ്. ഇയാളാണ് ഒന്നാംപ്രതി. പൊലീസ് എത്തിയപ്പോൾ ഇയാൾ ഒാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നുളവരും ക്ളബിൽ പണം വച്ച് ചീട്ടുകളിക്ക് എത്തിയിരുന്നു. പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ താമസക്കാരായവരും ക്ളബിലെ അംഗങ്ങളാണ്. അടുത്തിടെ ആദ്യമായാണ് ഉന്നതർ അംഗങ്ങളായുള്ള വലിയൊരു ചീട്ടുകളി കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്യുന്നതും അറസ്റ്റ് നടത്തുന്നതും. ആകെ പതിനൊന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കുമ്പനാട്ടെ ഒറ്റനില കെട്ടിടത്തിലെ മുറിയിൽ ഒരു മേശയ്ക്കു ചുറ്റും രണ്ടു മുതൽ പന്ത്രണ്ട് പേർ വരെ ഇരുന്നു കളിക്കാവുന്ന നിലയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. പരിശോധനയിൽ 10,13 510 രൂപയും പ്രതികളുടെ മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ജില്ലാ പൊലീസ് ചീഫിന്റെ ഡാൻസാഫ് സംഘം, കോയിപ്രം സി.എെ സജീഷ് കുമാർ, എ.എസ്.എെ വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.