പത്തനംതിട്ട: പമ്പയാറ്റിൽ തുലാപ്പള്ളി മൂലക്കയം കടവിൽ നിന്ന് മിനി ടിപ്പർ ലോറിയിൽ മണൽ കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പിടികൂടി. കൊല്ലമുള മാനേൽ വീട്ടിൽ എബ്രഹാമിന്റെ മകൻ ടൈറ്റസ് (45), തുലാപ്പള്ളി പട്ടേൽ വീട്ടിൽ കുര്യന്റെ മകൻ സിബിൻ കുര്യൻ (34) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ടിപ്പറുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ലോറികളിൽ ഒരെണ്ണത്തിന് ടാക്‌സിന്റെയും ഫിറ്റ്‌നസിന്റെയും കാലാവധി കഴിഞ്ഞതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുലാപ്പള്ളി ഏഞ്ചൽവാലി പാതയിൽ ആറ്റുകടവുകളിൽ നിന്ന് സ്ഥിരമായി മണൽ കടത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി ലഭിച്ചി​രുന്നു. 15 ന് രാത്രി 9.15 യോടുകൂടി ആറ്റുമണൽ മോഷ്ടിച്ച് ടിപ്പറിൽ കയറ്റിക്കൊണ്ടിരിക്കവേയാണ് പൊലീസ് സംഘം വളഞ്ഞത്. കടവുകളിൽ മണൽ വാരിയിട്ടശേഷം ഒന്നിന് പിറകെ ഒന്നായി ലോറികളെത്തി കടത്തിക്കൊണ്ടുപോകുകയാണ് പതിവ്. പിടിക്കപ്പെടുമ്പോൾ ഒരു ലോറിയിൽ നിറയെ മണൽ ഉണ്ടായിരുന്നു. അതിലെ ഡ്രൈവറെയാണ് കയ്യോടെ പിടികൂടിയത്. രണ്ടാമത്തെ ലോറിയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്നപ്പോൾ പൊലീസിനെ കണ്ട് അതിലെ ഡ്രൈവർ സിബിൻ കുര്യൻ ഓടിരക്ഷപ്പെട്ടു. പിന്നീട് ഇയാൾ അറസ്റ്റിലായി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.