smala

ശബരിമല : കർക്കടക മാസപ്പുലരിയിൽ ശബരിമലയിൽ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ പുലർച്ചെ നടതുറന്നപ്പോൾ മുതൽ ഉണ്ടായ തിരക്കിന് പതിനൊന്ന് മണിയോടെയാണ് നേരിയ ശമനമുണ്ടായത്. പ്രതികൂല കാലാവസ്ഥയേയും അവഗണിച്ച് നൂറ് കണക്കിന് ഭക്തരാണ് അയ്യപ്പദർശനന് എത്തിയത്. കർക്കടക മാസമായതിനാൽ പമ്പാ സരസിൽ ബലിതർപ്പണത്തിനും തിരക്കേറെയായിരുന്നു. ഇന്നലെ പുലർച്ചെ 5ന് ശ്രീകോവിൽ നടതുറന്ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യത്തോടുകൂടിയ അഭിഷേകവും നടത്തി. പൂജാചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തുടക്കം കുറിച്ചു. മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി സഹകാർമ്മികനായി. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ ഗണപതിഹോമം നടത്തി. ഉഷഃപൂജ, 25 കലശത്തോടെ ഉച്ചപൂജയും കളഭാഭിഷേകവും നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജയും പുഷ്പാഭിഷേകവും നടന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ നിർമ്മാല്യ ദർശനത്തിന് എത്തിയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി 21ന് രാത്രി 1 ന് നടഅടയ്ക്കും.

ക്യാപ്ഷൻ: മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ഭകത്ർക്ക് തീർത്ഥം നൽകുന്നു