കോന്നി: മലയോരമേഖലയിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നു. അപ്രഖ്യാപിത വൈദ്യുതി മുടക്കം ജനത്തെയും കച്ചവടക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഫലപ്രദമായ നടപടിയും സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആരോപണം. കോന്നി, തണ്ണിത്തോട് ,അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തികളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. മണിക്കൂറുകൾ വൈകിയാണ് പല ദിവസങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നത്. പരാതിപ്പെടാൻ ഫോൺ വിളിച്ചാൽ കെ.എസ്.ഇ.ബി ഓഫീസുകളിൽ പലപ്പോഴും ലഭ്യമല്ലെന്നും നാട്ടുകാർ പറയുന്നു. വൈദ്യുതി മുടക്കം പതിവായതിനാൽ വ്യാപാര വ്യവസായ മേഖലയും പ്രതിസന്ധിയിലാണ്. വന്യജീവി ശല്യമുള്ള പ്രദേശങ്ങൾ ആയതിനാൽ വീടിന് പുറത്തിറങ്ങാൻ പോലും ജനം ഭയക്കുകയാണ്. മഴപെയ്യാൻ നോക്കിയിരിക്കുന്നത് പോലെയാണ് മലയോരമേഖലയിലെ വൈദ്യുതി മുടക്കം. വൈദ്യുതി എത്തിയാലും വീണ്ടും മുടങ്ങുന്ന സ്ഥിതിയാണുള്ളത്. വോൾട്ടേജ് വ്യതിയാനം മൂലം വൈദ്യുതോപകരണങ്ങൾ തകരാറിലാകുന്നതും പതിവാണ്.