knowledge

അടൂർ : അടൂരിലെ വിനോദ വിജ്ഞാന കേന്ദ്രം പദ്ധതി വീണ്ടും സജീവമാക്കാൻ നീക്കം. പ്രമുഖ അക്കാദമിക് പ്രൊഫഷണലായ ധനോജ് നായിക്കിന്റെ നേതൃത്വത്തിൽ ഇതിനുള്ള കരട് നിർദ്ദേശങ്ങളുമായി ഉടൻ സർക്കാരിനെ സമീപിക്കും. ഒൻപത് വർഷം മുമ്പ് പറക്കോട് ടി.ബിയിൽ തുടങ്ങാൻ ലക്ഷ്യമി​ട്ട പദ്ധതിയാണിത്. അടൂർ നഗരത്തിൽ തന്നെയുള്ള ഉയർന്ന പ്രദേശവും വാഹന സൗകര്യവും കണക്കിലെടുത്താണ് ഈ സ്ഥലം അന്ന് തിരഞ്ഞെടുത്തത്.

2012ൽ വിഭാവനം ചെയ്ത പദ്ധതി ചിറ്റയം ഗോപകുമാർ എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും അന്ന് അനുമതി​ ലഭി​ച്ചി​ല്ല. 75,000 വിദ്യാർത്ഥികൾക്കും 25,000 ശാസ്ത്ര ഗവേഷകർക്കും പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് ഇപ്പോൾ സാംസ്കാരിക സമുച്ചയം നിർമ്മിക്കാനാണ് സർക്കാർ നീക്കം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയുള്ള അടൂരിൽ വിനോദവിജ്ഞാന കേന്ദ്രമെന്ന നൂതന ആശയത്തിന് വളരെയേറെ സ്വീകാര്യത ലഭിച്ചിരുന്നു.

അതേസമയം അഞ്ചേക്കറിൽ അധികം വരുന്ന നെടുംകുന്ന് മല ഇപ്പോൾ ടൂറിസം സെന്ററാക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. വിനോദ വിജ്ഞാന കേന്ദ്രത്തി​നും ഇൗ പ്രദേശം ഏറെ അനുയോജ്യമാണ്. ഇൗ വി​വരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

വിനോദ വിജ്ഞാന കേന്ദ്രത്തിൽ

വാനനിരീക്ഷണം, ശാസ്ത്ര ചരിത്രത്തെ ആധാരമാക്കിയുള്ള മ്യൂസിയം, സസ്യഉദ്യാനം, 300 വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾക്കുള്ള മിനി തീയേറ്റർ, ചരിത്രാതീത കാലങ്ങൾ മനസിലാക്കുന്ന ഉദ്യാനം എന്നിവ ഉൾപ്പെട്ടതായിരുന്നു പദ്ധതി.

പ്രപഞ്ചം, മനുഷ്യശരീരം, ദിനോസർ , അമീബ, കടൽ, ഭൂമി, എന്നിവയുടെ ഡിജിറ്റൽ സൃഷ്ടിയാണ് കേന്ദ്രത്തി​ന്റെ ശ്രദ്ധാകേന്ദ്രം.

60 അടി നീളവും 30 അടി വീതിയുമുള്ള ചെറിയ കെട്ടിടങ്ങളാണ് ആദ്യം ആവശ്യം. സഞ്ചാരികൾ പ്രപഞ്ചത്തി​ന്റെ ഡിജിറ്റൽ ആവിഷ്കാരം ഉള്ള കെട്ടിടത്തിൽ കയറിയിറങ്ങി വരുമ്പോൾ പ്രപഞ്ചം മുഴുവനും കണ്ടുതീർന്ന പ്രതീതി ഉളവാക്കും. മനുഷ്യശരീരത്തിലൂടെ ഒരാൾ സഞ്ചരിച്ചാൽ ഉണ്ടാകുന്ന അവസ്ഥ അനുഭവവേദ്യമാക്കുന്ന സൃഷ്ടി​കളും ഒരുക്കും.

5 കോടി രൂപയെങ്കിലും പ്രാഥമിക ചെലവ് വരുന്ന പദ്ധതി പ്രായോഗികമായാൽ ടൂറിസം രംഗത്ത് വലിയ കുതിച്ചുച്ചാട്ടമാകും ഉണ്ടാവുക. കരട് പദ്ധതി സമർപ്പിച്ച് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചാൽ മറ്റുനടപടികളിലേക്ക് കടക്കാനാകും.

എം.എൽ.എയുടെ ആസ്തിവികസന ഫണ്ടും സർക്കാർ

ഫണ്ടും ചേർത്ത് പദ്ധതി നടപ്പിലാക്കും.

ചിറ്റയം ഗോപകുമാർ,

ഡെപ്യൂട്ടി​ സ്പീക്കർ

പ്രാഥമിക ചെലവ് : 5 കോടി രൂപ