പത്തനംതിട്ട : കെ.എസ്.ആർ.ടി.സിക്ക് ജില്ലയിൽ ഒറ്റ ഒാഫീസായി ഇന്നലെ പത്തനംതിട്ടയിലെ ടെർമിനലിൽ പ്രവർത്തനം തുടങ്ങി. അടൂർ, തിരുവല്ല എ.ടി ഒാഫീസുകൾ നിറുത്തലാക്കിയതിനെ തുടർന്ന് ജീവനക്കാർ ജില്ലാ ഒാഫീസിലാണ് ഇന്നലെ മുതൽ ജോലിക്ക് എത്തുന്നത്. ഇതോടെ ജില്ലാ ഒാഫീസിൽ ജീവനക്കാരുടെ എണ്ണം 24 ആയി ഉയർന്നു. നേരത്തെ 11 പേരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ എണ്ണം കൂടിയതോടെ ടെർമിനലിലെ രണ്ടാംനിലയിൽ ഡി.ടി ഒാഫീസിനോടു ചേർന്നുള്ള ഹാൾ ഒാഫീസ് മുറിയാക്കി. തോമസ് മാത്യുവാണ് ഡി.ടി.ഒ. ജില്ലാ ഒാഫീസ് സംവിധാനത്തേക്കുറിച്ച് അദ്ദേഹം ജീവനക്കാരുമായി ചർച്ച നടത്തി. ഡി.ടി.ഒയ്ക്ക് സഹായിയായി ക്ളസ്റ്റർ ഒാഫീസറായി സാമിനെ നിയമിച്ചു.
അടൂർ, തിരുവല്ല എ.ടി ഒാഫീസുകൾ ഒാപ്പറേറ്റിംഗ് സ്റ്റേഷനുകളായി. ഇവിടങ്ങളിൽ സർവീസുകൾ ക്രമീകരിക്കാൻ ഇനി കൺട്രോളിംഗ് ഇൻസ്പെക്ടർമാർ മാത്രമാണുണ്ടാവുക.
പത്തനംതിട്ട ജില്ലാ ഒാഫീസായതിനെ തുടർന്ന് സർവീസുകൾ വിലയിരുത്തുന്നതിനും പുതിയത് തുടങ്ങുന്നതിനുമായി ആരോഗ്യമന്ത്രി വീണാജോർജ് ഡി.ടി.ഒ തോമസ് മാത്യുവുമായി 23ന് ഉച്ചയ്ക്ക് 12ന് ചർച്ച നടത്തും.