kuzhi
പൊടിയാടിയിൽ റോഡ് ഇന്റർലോക്ക് ചെയ്യാനുള്ള കുഴിയിൽ വീണ കാർ

തിരുവല്ല: സംസ്ഥാന പാതയിൽ ഇന്റർലോക്ക് കട്ടകൾ വിരിക്കാൻ കുഴിയെടുത്തിട്ട് മാസങ്ങൾ പിന്നിട്ടതോടെ അപകടങ്ങൾ നാലായി. പൊടിയാടി - അമ്പലപ്പുഴ റോഡ് നിർമ്മാണത്തിനു ശേഷമാണ് റോഡിന്റെ വശങ്ങളിൽ ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കാനായി കുഴിയെടുത്തത്. പൊടിയാടി മുതൽ പടിഞ്ഞാറോട്ട് 100 മീറ്റർ ദൂരത്തിൽ കുഴിയെടുത്തിട്ട് ആറുമാസമായി. ഇതിനുശേഷം നാല് കാറുകളാണ് ഇവിടുത്തെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ടത്. റോഡിലെ നടപ്പാതയ്ക്ക് ശേഷമുള്ള ഭാഗങ്ങളിൽ പാർക്കിംഗിനും മറ്റുമായി വന്ന കാറുകളാണ് കെണിയിൽ അകപ്പെട്ടത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിൽ നിന്നും യാത്രക്കാർ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. റോഡ് നിലവാരം ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ ഇത്രയും വലിയ കുഴി ഡ്രൈവർമാർ പ്രതീക്ഷിക്കില്ല. മാത്രമല്ല പലകുഴികളിലും കാട് വളർന്ന് നിൽക്കുന്നതിനാൽ ശ്രദ്ധയിൽപ്പെടുകയുമില്ല. മെറ്റിലും മറ്റുമിട്ട് ഉറപ്പിക്കുന്നതിനായി രണ്ടരയടിയോളം താഴ്ചയിലാണ് കുഴികളെടുത്തിരിക്കുന്നത്. പൊടിയാടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ തണൽമരങ്ങളുടെ മൂടുവരെ മണ്ണ് നീക്കി മാറ്റിയിട്ടുണ്ട്. പ്രധാന കരാർ കമ്പനി ഉപകരാർ നൽകിയാണ് ഇത്തരം ജോലികൾ ചെയ്യുന്നത്. ഇവർ നിർമ്മാണത്തിനായി കൊണ്ടുവന്ന ഇന്റർലോക്ക് കട്ടകൾ പിന്നീട് ഇവിടെനിന്നും വാഹനങ്ങളിൽ തിരുവല്ലയിലേക്ക് കൊണ്ടുപോയതായി നാട്ടുകാർ പറഞ്ഞു.

സുരക്ഷ ഉറപ്പാക്കണം

കെ.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് അമ്പലപ്പുഴ മുതൽ പൊടിയാടി വരെയുള്ള റോഡ് നിർമ്മിച്ചത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ പരിശോധിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

......................
ഇന്റർലോക്ക് നിർമ്മാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം

നൽകും.

(കേരള റോഡ്‌സ് ഫണ്ട്

ബോർഡ് അധികൃതർ)

100 മീറ്റർ കുഴിയെടുത്തിട്ട് 6 മാസം

അപകടത്തിൽപ്പെട്ടത് നാല് കാറുകൾ