മല്ലപ്പള്ളി : അപ്രോച്ച് റോഡ് പ്രളയത്തിൽ ഒഴുകിപ്പോയിട്ട് ഒമ്പത് മാസമായിട്ടും വെണ്ണിക്കുളം കോമളം പാലത്തിന്റെ വീണ്ടെടുപ്പ് ഒന്നുമായില്ല. മറുകരയിൽ മുട്ടാത്ത പാലം അധികൃതരുടെ അവഗണനയുടെ നേർസാക്ഷ്യമാകുമ്പോൾ സഞ്ചാരമാർഗം മുട്ടിയ ജനം പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ്. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചതോടെ കോമളം, കുംഭമല, തുരുത്തിക്കാട്, അമ്പാട്ടുഭാഗം എന്നീ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലായി. ഇവിടെയുള്ളവർ നിത്യോപയോഗ സാധനങ്ങളും മരുന്നും മറ്റും വാങ്ങിയിരുന്നത് കോമളം പാലത്തിലൂടെ സഞ്ചരിച്ച് കോമളം, വെണ്ണിക്കുളം എന്നിവിടങ്ങളിൽ എത്തിയായിരുന്നു.
വെണ്ണിക്കുളം ഗവ.പോളിടെക്നിക്, സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂൾ, തുരുത്തിക്കാട് ബി.എ.എം കോളേജ് , കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിലേക്കുള്ളവരും പാലത്തിനെ ആശ്രയിച്ചു പോന്നിരുന്നു. എന്നാൽ മലവെള്ളം പാലമെടുത്തതോടെ ഇൗ നാടിന്റെയാകെ വഴിമുട്ടിയിരിക്കുകയാണ്.
മഴശക്തി പ്രാപിച്ചതോടെ മുളകളാൽ നിർമ്മിച്ച ജനകീയ പാലം പൊളിച്ചു മാറ്റേണ്ടി വന്നു. നദിയിൽ ഒഴുക്ക് കൂടിയതോടെ പഞ്ചായത്തിന്റെ കടത്തു വള്ളത്തിലെ യാത്രയും നിറുത്തലായി. 12 കോടിയുടെ പുതിയ പാലം ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും നിർമ്മാണത്തിന് വർഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നതാണ് പ്രദേശവാസികളെ കഷ്ടത്തിലാക്കുന്നത്.
താല്ക്കാലിക പാലത്തിന് അനുമതി നിഷേധിച്ചത് പ്രദേശത്തെ അറുനൂറോളം വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കുന്നു. കല്ലുപ്പാറ, കുന്നന്താനം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്ക് കോഴഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പ മാർഗമായിരുന്നു കോമളം പാലത്തിലൂടെയുള്ള യാത്ര.
ഉടൻവേണം താത്കാലിക പാലം
ഒലിച്ചുപോയ അപ്രോച്ച് റോഡിന്റെ സ്ഥാനത്ത് താല്ക്കാലികമായ നിർമ്മാണം നടത്തിയാൽ കോമളം പാലത്തിലൂടെ നിയന്ത്രിതമായ ഗതാഗതം നടത്താനാകും. എന്നാൽ പഴയ പാലം പൊളിച്ച് ആ സ്ഥാനത്ത് പുതിയ പാലം പണിയുന്നതാണ് ലാഭകരമെന്ന നിലപാടിലാണ് മാത്യു ടി.തോമസ് എം.എൽ.എ. പുതിയ പാലത്തിന് പ്രത്യേകം സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത് അധിക ബാദ്ധ്യതയാവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പഴയ പാലത്തിന്റെ സ്ഥാനത്തു നിന്ന് മാറ്റി താത്കാലികപാലം നിർമ്മിച്ചാൽ പുതിയ പാലത്തിന്റെ നിർമ്മാണം തടസപ്പെടുകയില്ല. 78 ലക്ഷം രൂപയ്ക്ക് ഇങ്ങനെ ഒരു സംവിധാനം ഒരുക്കാമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം സർക്കാരിനെ അറിയിച്ചതാണ്. എന്നാൽ ഇക്കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായില്ല.
ഒമ്പത് മാസമായി തുരുത്തിക്കാട് അടക്കമുള്ള പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടും നാട്ടുകാരോടും കാട്ടുന്ന ക്രൂരത അവസാനിപ്പിക്കണം. വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് അടിയന്തര ഇടപെടീൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം
മോൻസൺ കുരുവിള
മുരുത്തേൽ, തുരുത്തിക്കാട്