
ശബരിമല : കഴിഞ്ഞ രണ്ടുദിവസമായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പെയ്യുന്ന കനത്ത മഴ നീലിമല കയറ്റവും അപ്പാച്ചിമേട് കയറ്റവും അപകടകരമാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ പേരിൽ പമ്പ ചെളിക്കുഴിയിൽ നിന്ന് അപ്പാച്ചിമേട് വരെയുള്ള പടിക്കെട്ടുകളും കോൺക്രീറ്റ് തറയും കൈവരികളും പൂർണ്ണമായി ഇളക്കി ഇട്ടിരിക്കുകയാണ്. മഴവെള്ളം കുത്തിയൊലിച്ചിറങ്ങി കല്ലും മണ്ണും നിറഞ്ഞ് നീലിമല പാത ചെളിക്കുണ്ടായി മാറി. വഴുക്കലുള്ളത് അപകടഭീഷണി ഉയർത്തുന്നുണ്ട്. കൈവരികൾ കൂടി പൊളിച്ചുനീക്കിയതോടെ തീർത്ഥാടകർക്ക് കുത്തുകയറ്റത്തിൽ പിടിച്ചു കയറാനുള്ള പിടിവള്ളിയും ഇല്ലാതായി. പാതയിൽ കരിങ്കല്ലുകൾ മിനുസപ്പെടുത്തി പാകുന്നത് മല കയറുന്ന ഭക്തർ തെന്നി വീണ് പരിക്കേൽക്കുന്നതിന് കാരണമാകുമെന്ന് തീർത്ഥാടകർ ആശങ്കപ്പെടുന്നു. ശരണപാതയിലെ കുത്തുകയറ്റമായ അപ്പാച്ചിമേട്ടിൽ പിടിച്ചുകയറാൻ താൽക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്ന് തീർത്ഥാടകർ ആവശ്യപ്പെട്ടു. ഇവിടെ അപകട സാദ്ധ്യതയേറെയാണ്. അപ്പാച്ചിമേട് നെറുകയിൽ നിന്ന് ശബരി പീഠത്തിലേക്കുള്ള ഇറക്കത്തിൽ മിനുസമുള്ള കല്ലുകളാണ് പാകിയിരിക്കുന്നത്. ഇവയിൽ പായലു പിടിക്കുകയോ വെള്ളമോ എണ്ണയോ വീണാലും അപകടമുണ്ടാകും. കർക്കടക മാസ പൂജകൾക്കായി നടതുറന്നത് മുതൽ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തീർത്ഥാടകർ കൂടുതൽ എത്തുന്ന നീലിമല, അപ്പാച്ചിമേട്, ശബരീപീഠം വഴിയുള്ള ശരണപാതയിൽ സുരക്ഷിതമായി സഞ്ചരിക്കുവാനുള്ള സംവിധാനം മാസപൂജാ വേളയിൽ താത്കാലികമായെങ്കിലും ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.