ചെങ്ങന്നൂർ: എം.സി. റോഡിൽ മുളക്കുഴയിൽ ഞായറാഴ്ച രാത്രി ബൈക്കുമായി കൂട്ടിയിടിച്ച കാറിൽ നിന്ന് 20,000 പായ്ക്കറ്റ് പുകയില ഉൽപ്പന്നം പിടികൂടി. ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും പിന്നിലായി വരികയായിരുന്ന രണ്ടു കാറുകളും ഓരോന്നിനും പിറകേ ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിറകിലായി ഇടിച്ച വാഗൺ-ആർ കാറിൽ നിന്ന് ഓട്ടോറിക്ഷയിലേക്ക് മാറ്റാൻ ശ്രമിച്ച 20,000 പായ്ക്കറ്റ് ഹാൻസാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. 20 ചാക്കുകളിലായി ഇവ നിറച്ചിരിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഹാൻസുമായി രക്ഷപ്പെട്ട സംഘത്തെ പൊലീസ് പിന്തുടർന്ന് മുളക്കുഴ പള്ളിപ്പടി ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. പൊലീസ് അടുത്തെത്തിയപ്പോഴേക്കും ഓട്ടോറിക്ഷയിൽ നിന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇവർ കാറിൽ തിരുവല്ല ഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റാന്നി സ്വദേശിയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് സംഘം യാത്ര ചെയ്തിരുന്നത്.