പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാധുജന വിമോചന സംയുക്തവേദിയുടെ ആഭിമുഖ്യത്തിൽ കോന്നി താലൂക്ക് ഓഫീസിലേക്ക് 21 ന് മാർച്ച് നടത്തും. മുൻ പ്ലാനിംഗ്‌ബോർഡ് അംഗം സി . പി .ജോൺ ഉദ്ഘാടനം ചെയ്യും. ചെങ്ങറ സമരസഹായ സമിതി ചെയർമാൻ എസ് . രാജീവൻ മുഖ്യപ്രഭാഷണം നടത്തും.ളാഹ ഗോപാലന്റെ നേത്യത്വത്തിൽ ആരംഭിച്ച ചെങ്ങറ ഭൂസമരം ആഗസ്റ്റ് 4 ന് 15 വർഷം പിന്നിടുകയാണ് . സമരഭൂമിയിൽ വിദ്യാഭ്യാസം ,കുടിവെളളം , വെളിച്ചം , ചികിത്സ , ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആളുകൾ വർഷങ്ങളായി ബുദ്ധിമുട്ടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു . അമിതവിലയ്ക്ക് വാങ്ങുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് കുട്ടികൾ പഠിക്കുന്നത്. വന്യഗ്യങ്ങളുടെ ശല്യം കാരണം ക്യഷി ചെയ്യാൻ പറ്റുന്നില്ല. സമരഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശൗചാലയങ്ങളുടെ അപര്യാപ്തതയാണ് .കേന്ദ്രസർക്കാരിന്റെ ശൗചാലയ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഇത് പരിഹരിക്കാനാകുമെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ സാധുജന വിമോചന സംയുക്തവേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി , ജനറൽ സെക്രട്ടറി കെ. ബേബി ചെരിപ്പിട്ടകാവ് , രക്ഷാധികാരി അജികുമാർ കറ്റാനം, പുഷ്പ ചന്ദ്രൻ, ആർ. രാജൻ, എസ്. സുരേഷ്‌കുമാർ , കെ. തമ്പി. കെ. രവി എന്നിവർ പങ്കെടുത്തു.