
പത്തനംതിട്ട: എൻ.എസ്. എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂർ കല്ലിശേരി ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട വെട്ടിപ്രം പഞ്ചവടി വീട്ടുവളപ്പിൽ. രാവിലെ ഒൻപത് മുതൽ 11 വരെ എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഒാഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
കോന്നി പയ്യനാമൺ പുളിമൂട്ടിൽ കുടുംബാംഗമാണ്. പാലക്കാട്, തിരുവനന്തപുരം മുൻ ജില്ലാ ജഡ്ജിയാണ്. വിരമിച്ചശേഷം നാലുതവണ എൻ.എസ്. എസ് പ്രസിഡന്റായി. ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസം മുൻപാണ് സ്ഥാനമൊഴിഞ്ഞത്. ദീർഘകാലം എൻ.എസ്.എസ് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ്, ബോർഡ് ഒഫ് ഡയറക്ടേഴ്സ് അംഗം, ട്രഷറർ, നിയമോപദേശകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: കെ.രമാഭായി. മക്കൾ: നിർമ്മല, മായ. മരുമക്കൾ: ശിവശങ്കരൻ നായർ (തിരുവല്ല), ജസ്റ്റിസ് കെ.ഹരിപാൽ (കേരള ഹൈക്കോടതി). സഹോദരങ്ങൾ: ഡോ. പി.എൻ.രാജു (ചെന്നൈ), പി.എൻ.രവീന്ദ്രനാഥ് (റിട്ട.എ.ഇ.ഒ), എൻ.ശാരദാമ്മ.