പത്തനംതിട്ട : പൂങ്കാവ് - പത്തനംതിട്ട റോഡിൽ അഴൂർ ഭാഗം പൊളിച്ചുപണിയുന്നു. അടിത്തട്ടിൽ ഈർപ്പമുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ടാർ ഇളക്കി മാറ്റുന്നത്. വീണ്ടും റോഡ് ടാർ ചെയ്യും. മാസങ്ങൾക്ക് മുമ്പാണ് റോഡ് നിർമ്മാണം നടന്നത്. അവസാന ഘട്ട ടാറിംഗ് ഇതുവരെ പൂർത്തിയായിട്ടില്ല. ടാറിംഗിൽ ഇത്തരത്തിൽ എന്തെങ്കിലും അപാകതകളുണ്ടായാൽ ഇളക്കി വീണ്ടും ടാർ ചെയ്യാൻ നിർമ്മാണ ചുമതലയുള്ള പി.ഡബ്ള്യു.ഡി അധികൃതർക്ക് കഴിയും. റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ മദ്ധ്യ ഭാഗത്തായി ഈർപ്പമുണ്ടോയെന്ന സംശയത്തിലാണ് റോഡ് പൊളിച്ചുമാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴകാരണം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായി നിലച്ചിരിക്കുകയാണ്. അവസാനഘട്ട ടാറിംഗ് പൂർത്തിയാകാനുണ്ട്. മദ്ധ്യേ ഈർപ്പം തട്ടിയാൽ ടാർ വേഗത്തിൽ ഒലിച്ചുപോകും. ഇവിടം കുഴിയാവുകയും ചെയ്യും. അത് ഒഴിവാക്കാനാണ് പൊളിച്ചുനീക്കി പരിശോധിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ റോഡ് നിർമ്മാണം പൂർത്തിയാക്കാനുള്ള കരാർ അവസാനിക്കും.