അടൂർ : വാഹനാപകടങ്ങൾ പരമാവധി കുറച്ച് വാഹനയാത്രികർക്ക് സുഗമവും സുരക്ഷിതവുമായ പാത ഒരുക്കി നടുറോഡിൽ പൊലിയുന്ന ജീവനുകളുടെ എണ്ണം കുറയ്ക്കുക എന്നതായിരുന്നു സുരക്ഷാ ഇടനാഴിവഴി ലക്ഷ്യമിട്ടിരുന്നത്.അതിനായി അമിതവേഗം കുറയ്ക്കൽ,മദ്യപിച്ച് വാഹനമോടിക്കൽ, അലക്ഷ്യവും അപകടകരവുമായ ഒാവർടേക്കിംഗ്, റെയ്സിംഗ്,സിഗ്നൽ ലംഘനം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിംഗ്, ഗതാഗതതടസമുണ്ടാക്കുന്ന തരത്തിലുള്ള പാർക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ പൊലീസിന്റെ കർശന നടപടി ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതൊക്കെ പേരിൽ ഒതുങ്ങിയതോടെ അപകടങ്ങളുടെ എണ്ണവും ഏറി.എം.സി റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് തടയിടാൻ നേരത്തെ ഇന്റർസെപ്റ്റർ വാഹനങ്ങൾ പെട്രോളിംഗ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ പേരിനുമാത്രമാണ് നടത്തുന്നത്. പൊലീസ് പെട്രോളിംഗ് ശക്തമല്ലെന്നതിന്റെ തെളിവാണ് എം.സി റോഡിലെ അമിതവേഗം. അപകടമേഖലയായി കണ്ടെത്തിയ ഏനാത്ത്, പുതുശേരിഭാഗം, നെല്ലിമൂട്ടിൽപടി, മൂന്നാളം വട്ടത്തറപ്പടി, പറന്തൽ, കുരമ്പാല തുടങ്ങിയ സ്ഥലങ്ങളിലെ അപകടം കുറയ്ക്കാനായി യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. ബ്ളിംഗർ ലൈറ്റുകൾ, ഹമ്പുകൾ, പൊലീസ് പരിശോധന ശക്തമാക്കൽ തുടങ്ങിയവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. ട്രാൻസ്പോർട്ട് റിസേർച്ച് ലബോറട്ടറി നടത്തിയ പഠനത്തിൽ റോഡരുകിലെ പൊലീസ് സാന്നിദ്ധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.സി റോഡിലെ പൊലീസ് സ്റ്റേഷൻ തലത്തിൽ വാഹനങ്ങളും ലഭ്യമാക്കിയിരുന്നു. ട്രാൻസ്പോർട്ട് റിസേർച്ച് ലബോറട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭ്യമാക്കിയ പൊലീസുകാരെയാണ് സംസ്ഥാന പാതയിൽ ഡ്യൂട്ടിക്കായി നിയമിച്ചിരുന്നത്. ആദ്യമൊക്കെ ഹൈവേ പൊലീസിന്റെ സാന്നിദ്ധ്യവും പരിശോധനയും ശക്തമായിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം പേരിൽ ഒതുങ്ങി. മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും സുരക്ഷാപാതയിൽ ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. ഇതിൽ പലതും നടപ്പാക്കിയെങ്കിലും അപകടങ്ങൾ തുടർക്കഥകളാകുകയാണ്.
......................
സമീപകാലത്തെ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പഠനം നടത്താൻ നാറ്റ്പാക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർ തരുന്ന റിപ്പോർട്ട് കാത്തിരിക്കുകയാണ്. ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
എക്സിക്യൂട്ടീവ് എൻജിനീയർ
(കെ.എസ്.ടി.പി)