തിരുവല്ല: മുണ്ടിയപ്പള്ളി - നടക്കൽ റോഡിൽ വൈ.എം.സി.എയ്ക്ക് സമീപം നിലവാനൽകുഴി പടിയിൽ ജല അതോറിറ്റിയുടെ പൈപ്പുലൈൻ തകരാറുകൾ പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. ഏതാനും ആഴ്ചകളായി ഇവിടെ പൈപ്പ് ലൈൻ തകർന്നു കുടിവെള്ളം പാഴാക്കുകയും റോഡിൽ വൻഗർത്തം രൂപപ്പെടുകയും ചെയ്തിരുന്നു. പലതവണ നാട്ടുകാർ പരാതി നൽകിയിട്ടും നടപടി ഇല്ലാതിരുന്നതിനെ തുടർന്നാണ് കുടിവെള്ളം കിട്ടാതെ ജനം വലയുന്നതും റോഡ് തകർച്ചയും തിങ്കളാഴ്ച്ച കേരളകൗമുദി വാർത്തയായത്. ഇതിന് പിന്നാലെ ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പൈപ്പുലൈൻ തകരാറ് പരിഹരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കുകയായിരുന്നു.