project
കവിയൂർ നാഴിപ്പാറ മിനി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കവിയൂർ സ്ലീബ മാർത്തോമാ പള്ളി വികാരി ഫാ.സാമുവൽ എം.സാമുവൽ നിർവഹിക്കുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്ത് കേന്ദ്ര സർക്കാരിന്റെ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന നാഴിപ്പാറ മിനി കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം കവിയൂർ സ്ലീബ മാർത്തോമാ പള്ളി വികാരി ഫാ.സാമുവൽ എം.സാമുവൽ നിർവഹിച്ചു. പഞ്ചായത്തിന് തേനശേരിൽ ടി.എം.കോശി സൗജന്യമായി നൽകിയ സ്ഥലത്താണ് പദ്ധതിക്ക് ആവശ്യമായ കിണർ നിർമ്മിച്ച് മോട്ടർ സ്ഥാപിക്കുന്നത്. 25,000 ലിറ്ററിന്റെ ജലസംഭരണി നിർമ്മിക്കുന്നത് കല്ലമ്പള്ളി രജി ദേവൻ നൽകിയ സ്ഥലത്താണ്. കേന്ദ്ര ധനകാര്യ കമ്മിഷന്റെ 16 ലക്ഷം രൂപ സഹായത്താലാണ് പഞ്ചായത്തിലെ നാലാം വാർഡിലെ ജനങ്ങൾക്ക് പ്രയോജനകരമായ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. 2023 മാർച്ചിന് മുമ്പ് പദ്ധതി പൂർത്തിയാക്കി ജലവിതരണം തുടങ്ങും. പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുരുതികാമൻകാവ് ക്ഷേത്രം മേൽശാന്തി വി.കെ.പത്മകുമാർ, സെൻമേരീസ് പള്ളി വികാരി ഫാ.ജോസ് ചെറിയാൻ, മുണ്ടിയപ്പള്ളി സി.എസ്ഐ.ഫാ.സാംജി കെ.സാം എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.വിനോദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകുമാരി രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോൺ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു വി.എസ്, രാജശ്രീ കെ.ആർ, സിന്ധു ആർ.സി.നായർ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് അലോഷ്യസ്, അസി.എൻജിനീയർ സൗമ്യ, സി.ഡി.എസ് ചെയർപേഴ്സൺ ശാന്തമ്മ ശശി, ശുഭാ ബിജു, രക്നമണിയമ്മ എന്നിവർ സംസാരിച്ചു.