നാരങ്ങാനം:​ നാരങ്ങാനം പഞ്ചായത്ത് കാര്യാലയത്തിന് സമീപം ആലുങ്കൽ പാലത്തിങ്കൽ ജംഗ്ഷനടുത്ത് നടന്ന മണ്ണെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്റെ നിർദ്ദേശത്തേ തുടർന്ന് നിറുത്തിവച്ചു. പെരുമഴയത്ത് നടത്തിയ മണ്ണെടുപ്പിനെ തുടർന്ന് ആലുങ്കൽ പാലത്തിങ്കൽ പടി ​തെക്കേ ഭാഗംറോഡിന്റെ കുറേഭാഗം തകർന്നിരുന്നു. റോഡ് ഭൂഉടമ നിർമ്മിച്ചു നൽകുമെന്ന ഉറപ്പ് ലഭിച്ചതായി വാർഡ് മെമ്പർ ഷീജ അറിയിച്ചു. വലിയ ടോറസ് ലോറികൾ ഈ ഇടുങ്ങിയ റോഡിൽ നിരന്നതോടെ കാൽനടയാത്രക്കാർക്കോ ടൂവീലറുകൾക്കോ പോലും കടന്നു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. സമീപവാസികളുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ മണ്ണെടുപ്പ് തുടർന്നത് വാർത്തയായതിനെ തുടർന്നാണ് നടപടി.