പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ പാതയിൽ കുമ്പഴ ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് മൂന്നു സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മൗണ്ട് ബഥനി സ്‌കൂളിലെ വിദ്യാർത്ഥികളുടെ മുകളിലേക്ക് ഓട്ടോ മറിയുകയായിരുന്നു. കുട്ടികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
കുട്ടികൾ സ്‌കൂൾ വിട്ടു വരുമ്പോഴാണ് അപകടം. നാട്ടുകാർ ഓടിക്കൂടി ഓട്ടോറിക്ഷ ഉയർത്തി കുട്ടികളെ പുറത്തെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറുടെ നേതൃത്വത്തിലാണ് പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.
ജംഗ്ഷനും സമീപത്തുമായി റോഡിന് ഇരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഇതു മൂലം അപകടം പെരുകുകയുമാണ്. കഴിഞ്ഞയാഴ്ചയിലും സമാനമായ അപകടം ഇവിടെ നടന്നിരുന്നു. വാഹനങ്ങൾ സ്‌കൂൾ സമയത്തും അമിത വേഗതയിലാണ് പായുന്നത്.