പന്തളം : 'മരിച്ചവർക്കും ക്ഷേമപെൻഷൻ വിതരണം ചെയ്ത ' പന്തളം സഹകരണ ബാങ്ക് പ്യൂണിന് സസ്‌പെൻഷൻ. സി .പി .എം ഭരിക്കുന്ന ബാങ്കിലെ പ്യൂൺ ചേരിക്കൽ സ്വദേശി സ്വപ്നയെയാണ് അന്വേഷണ വിധേയമായി ഭരണ സമിതി സസ്‌പെൻഡ് ചെയ്തത്.
പന്തളം നഗരസഭയിൽ നിന്നുള്ള ലിസ്റ്റിന്റെ അടിസ്ഥാനത്തിലാ ണ് വിവിധ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നത് .ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പന്തളം സർവീസ് സഹകരണ ബാങ്കിനെയാണ്.
ബാങ്കിലെ ജീവനക്കാർ തന്നെയാണ് ഈ തുക ഗുണഭോക്താക്കളിൽ എത്തിക്കുന്നത്. ഗുണഭോക്താക്കൾക്ക് നേരിട്ട് പെൻഷൻ തുക വിതരണം ചെയ്യണമെന്നാണ് ചട്ടം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആ വിവരം റിപ്പോർട്ട് ചെയ്ത് പെൻഷൻ തുകയും തിരികെ അടയ്ക്കണം.
മരണപ്പെട്ട 5 പെൻഷൻ ഗുണഭോക്താക്കളുടെ 35000 രൂപയോളമാണ് തട്ടിയെടുത്തതായി നഗരസഭയിൽ നടന്ന ഓഡിറ്റിങ്ങിൽ കണ്ടെത്തിയത്. വിവരം സഹകരണ ബാങ്കിൽ അറിയിക്കുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടെ സ്വപ്ന പണം തിരികെ അടയ്ക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു.
ബാങ്കിൽ പെൻഷൻ തുക വിതരണത്തിൽ ക്രമക്കേട് നടന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.