തിരുവല്ല: പെരിങ്ങര ജംഗ്ഷനിൽ ഇന്റർലോക്ക് ചെയ്യുന്ന പണികൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. പെരിങ്ങര - പൊടിയാടി കൃഷ്ണപാദം റോഡിലെ ജോലികളാണ് ഒരാഴ്ചയിലേറെയായി മുടങ്ങിക്കിടക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കി പെരിങ്ങര ജംഗ്ഷൻ മുതൽ 50 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് ചെയ്യുന്ന പണികൾ ഈമാസം ആദ്യമാണ് ആരംഭിച്ചത്. ജോലികളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് രണ്ടടിയോളം താഴ്ചയിൽ റോഡ് ജെ.സി.ബി. ഉപയോഗിച്ച് കുഴിച്ചിരുന്നു. തുടർന്നുള്ള മെറ്റിലിംഗ് ഉൾപ്പടെയുള്ള പണികളാണ് നടക്കേണ്ടത്. ഇതിനായി സാധനസാമഗ്രികളും ഇവിടെ എത്തിച്ചിട്ടുണ്ട്. എന്നാൽ ഒരാഴ്ചയായി പണികളൊന്നും നടക്കുന്നില്ല. മഴ കൂടി പെയ്തതോടെ ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്ര പോലും സാദ്ധ്യമാകുന്നില്ല. ഇന്റർലോക്ക് ചെയ്യുന്നതിന്റെ ഭാഗമായി ഈമാസം 17വരെ റോഡിൽ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇരുപതാം തീയതി പിന്നിടുമ്പോഴും പണികൾ പാതിവരെ പോലും എത്തിയിട്ടില്ല.
പണികൾ തോന്നിയപോലെ എന്ന് നാട്ടുകാർ
പൊതുമരാമത്ത് ജോലികളുടെ മേൽനോട്ടത്തിന് ഉദ്യോഗസ്ഥർ കൃത്യമായി എത്താത്തതിനാലാണ് കരാറുകാർ തോന്നിയപോലെ പണികൾ നീട്ടിക്കൊണ്ടുപോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
......................................
50 മീറ്റർ ഭാഗത്ത് ഇന്റർലോക്ക് പാകൽ