thakidupalam

ചെങ്ങന്നൂർ: അരക്കിലോമീറ്റർ ദൂരമെത്താൻ സഞ്ചരിക്കേണ്ടത് ആറുകിലോമീറ്ററിലധികം ദൂരം! തിരുവൻവണ്ടൂർ പഞ്ചായത്തിലെ നന്നാട് - ഈരടിച്ചിറ നിവാസികൾക്കാണ് ഇൗ ദുരിതം. റോഡുപണിയുടെയും പാലം നിർമ്മാണത്തിന്റെയും പേരിലാണ് അധികൃതർ ജനത്തെ വട്ടംചുറ്റിക്കുന്നത്. കഴിഞ്ഞ ഡിസംബർ 13നാണ് നന്നാട്-ഈരടിച്ചിറ റോഡിന്റെ പുനർ നിർമ്മാണവും വരട്ടാറിനെ കുറുകെ നിർമ്മിക്കുന്ന പുത്തൻതോട് പാലത്തിന്റെ നിർമ്മാണവും ആരംഭിച്ചത്. പക്ഷേ പണി ഇഴഞ്ഞു നീങ്ങുകയാണ്. പാലത്തിന് പകരം കാര്യക്ഷമമായ സംവിധാനം ഏർപ്പെടുത്തിയതുമില്ല. കുറ്റൂർ പഞ്ചായത്തിലെ തലയാർ, വഞ്ചിമൂട്ടിൽ ഭാഗം, തെങ്ങേലി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എത്താൻ ആറു കിലോമീറ്ററിലധികം സഞ്ചരിക്കണം. അരക്കിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്താണ് ഇവർ സ്ക്കൂളിലേക്കും തിരിച്ചും ദിവസേന 12 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കേണ്ടി വരുന്നത്.

ആദ്യം കമുക് പാലം,

ഒടുവിൽ തകിട് പാലം


പുത്തൻതോട് പഴയപാലം പുനർ നിർമ്മിക്കാനായി പൊളിച്ചു നീക്കിയശേഷം തോടിനുകുറുകെ കമുകിട്ടാണ് യാത്രസൗകര്യം ഒരുക്കിയത്. ഈ കമുകിലൂടെ സഞ്ചരിച്ച പ്രായമായവരും കുട്ടികളും തോട്ടിൽ വീണതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. തുട‌ർന്ന് പുതുതായി നിർമ്മിക്കുന്ന പാലത്തിനു സമീപം കാ‌ർ ഉൾപ്പടെയുളള വാഹനങ്ങൾ കടന്നു പോകുവാൻ കഴിയുന്ന തരത്തിൽ ബണ്ട് റോഡ് നിർമ്മിച്ച് യാത്രാ ക്ളേശം പരിഹരിച്ചു. എന്നാൽ ഒന്നരമാസം മുൻപ് ഇതും പൊളിച്ചുമാറ്റി. പകരം നിർമ്മിച്ചത് ഒരാൾക്ക് കഷ്ടിച്ച് നടന്നുപോകാൻ തക്കവണ്ണമുള്ള ഇരുമ്പുതകിടുകൊണ്ടുള്ള പാലമാണ്.

രൂപരേഖ മാറ്റണം


നിലവിലുണ്ടായിരുന്ന പഴയപാലവും പാലത്തിന്റെ സ്പാൻ നിലനിറുത്തുന്ന കരിങ്കൽക്കെട്ടും പൊളിച്ചുനീക്കിയ സ്ഥലത്ത് പുതിയ പാലത്തിനായി പൈലിംഗ് ആരംഭിച്ചു. അപ്പോഴാണ് പഴയ പാലത്തിന്റെ കോൺക്രീറ്റ് കണ്ടെത്തിയത്. ഇത് പൂർണമായി ഇളക്കി മാറ്റുകയോ പാലത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തുകയോ ചെയ്യണം. എങ്കിൽ മാത്രമെ നിർമ്മാണം ആരംഭിക്കാൻ കഴിയു.

ഇതിനു തത്വത്തിൽ അംഗീകാരമായിട്ടുണ്ട്. അധിക ചെലവ് വരില്ല. അവസാനഘട്ട പരിശോധന പൂർത്തിയാക്കി ഡിസൈനും, എസ്റ്റിമേറ്റും ഉടൻ സമർപ്പിക്കും.

-------------

" പണി പൂർത്തിയാക്കാൻ ഏട്ടുമാസത്തോളമെടുക്കും"

കൃഷ്ണകുമാർ , റീബിൽഡ് കേരള

അസിസ്റ്റന്റ് എൻജിനീയർ