കോന്നി: കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടരക്കോടി രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. തേക്കുതോട് -കരിമാൻതോട് റോഡിലെ പാലത്തിന് 40 വർഷം പഴക്കമുണ്ട്.പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിലായിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിന് മുകളിൽക്കൂടി വെള്ളം കടന്നു പോകുന്നതും അപകടഭീഷണി ഉയർത്തുന്നു. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം ,കരിമാൻതോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാനപാലമാണിത്. ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമുണ്ട്. പുതിയ പാലം 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. 18 മാസമാണ് നിർമ്മാണ കാലാവധി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല.